കഞ്ചിക്കോട് വ്യവസായ മേഖലയിലേയ്ക്കുള്ള പ്രധാന റോഡിന്റെ ശോചനീയാവസ്ഥ വ്യവസായ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. പാതിവഴിയിൽ നിലച്ച റോഡ് നിർമാണവും മഴയും ചേർന്ന് റോഡ് ചെളിക്കുളമായി മാറിയതോടെ യാത്ര ദുഷ്കരമായിരിക്കുകയാണ്. വ്യവസായ സ്ഥാപനങ്ങളിലേയ്ക്കുള്ള ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.

കഞ്ചിക്കോട് വ്യവസായ മേഖലയിലെ നിഡ (NIDA), വൈസ് പാർക്ക് (Wise Park) എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിർമാണം ആരംഭിക്കുന്നതിന് മുന്‍പ് ഗതാഗതയോഗ്യമായിരുന്ന റോഡ്, നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് പിന്നാലെ പൂർണമായും പൊളിച്ചുമാറ്റി. ഏകദേശം 30 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇരുവശങ്ങളിലും ഡ്രെയിനേജ് നിർമിച്ചെങ്കിലും റോഡിന്റെ മധ്യഭാഗം പൂർണമായി കുഴിച്ച നിലയിലാണ്.

എന്നാൽ, ഫണ്ട് അപര്യാപ്തമായതിനെ തുടർന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമാണം പാതിവഴിയിൽ നിർത്തിയെന്നാണ് പ്രദേശവാസികളുടെയും വ്യവസായ മേഖലയിലെ പ്രതിനിധികളുടെയും ആരോപണം. തുടർന്ന് മഴ ശക്തമായതോടെ റോഡ് ചെളിയും വെള്ളവും നിറഞ്ഞ കുഴികളായി മാറി.

റോഡിന്റെ ദുരവസ്ഥ കാരണം നിരവധി തൊഴിലാളികൾ ജോലിസ്ഥലങ്ങളിലെത്താൻ മടിക്കുകയാണെന്ന് വ്യവസായ സ്ഥാപനങ്ങൾ പറയുന്നു. ചരക്കുനീക്കവും ഗുരുതരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് അപകടസാധ്യത വർധിച്ചതോടെ വാഹനയാത്രയും അതീവ ദുഷ്കരമായിരിക്കുകയാണ്.

മഴക്കാലം അവസാനിക്കുന്നതുവരെ എങ്കിലും താത്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യവസായ മേഖലയുടെയും നാട്ടുകാരുടെയും ആവശ്യം. പ്രശ്നപരിഹാരത്തിൽ ഇനിയും കാലതാമസം നേരിട്ടാൽ സംസ്ഥാനത്തിന് ഉയർന്ന നികുതി വരുമാനം നൽകുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഉൽപ്പാദന പ്രവർത്തനങ്ങൾ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ENGLISH SUMMARY:

Kanjikode industrial road conditions are severely impacting business operations due to stalled construction and heavy rains. The deteriorating state of the main road connecting NIDA and Wise Park has created muddy conditions, making travel difficult and leading to frequent accidents for heavy vehicles.