കോഴിക്കോട് വടകര വില്ല്യാപ്പള്ളിയില്‍ കലുങ്കിനായി നിര്‍മ്മിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. വില്ല്യാപ്പള്ളി സ്വദേശി മൂസയാണ് മരിച്ചത്. രാത്രി സമയത്ത് സ്ഥലത്ത് മുന്നറിയിപ്പ് സംവിധാനമില്ലെന്നും അതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.
വൈകിട്ട് കടയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. റോഡരികിലൂടെ മൂസ നടന്നുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഏറെ വൈകിയും വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി പതിനൊന്നരയോടെ റോഡരികിലെ കുഴിയില്‍ മൂസയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അബദ്ധത്തില്‍ കാല്‍വഴുതി കുഴിയില്‍ വീണതാകാമെന്നാണ് നിഗമനം.
പ്രദേശത്ത് കോണ്‍ക്രീറ്റ് ബാരിക്കേഡോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും അപകടത്തിനുശേഷമാണ് ഇത് വച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഏറെക്കാലമായി വടകര വില്യാപ്പിള്ളി ചേലക്കാട് റോഡില്‍ നവീകരണം തുടങ്ങിയിട്ട്. ഇടയ്ക്ക് മുടങ്ങിക്കിടന്ന ജോലികള്‍ അടുത്തകാലത്താണ് പുനരാരംഭിച്ചത്. ഒരുവശത്ത് കൂടി വാഹനം കടത്തി വിടുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ പോലും ആളില്ലെന്നും നാട്ടുകാര്‍ പറയുന്നു.