മഴ പെയ്താല്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ വേളിവയല്‍ അങ്കണവാടിയിലേക്ക് കുട്ടികളെ വിടാന്‍ മാതാപിതാക്കള്‍ മടിയാണ്. വെള്ളക്കെട്ട് കാരണം കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് മാത്രമല്ല, ശുചിമുറി ഉപയോഗിക്കാന്‍ പോലും കഴിയില്ല.12 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയുടെ ദുരവസ്ഥ അറിയിച്ചിട്ടും കോര്‍പറേഷന്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് കൗണ്‍സിലറും പറയുന്നു.
മഴപ്പാട്ടുകള്‍ ഇഷ്ടമാണ് ഇവര്‍ക്കെല്ലാം. പക്ഷേ പാട്ടിലെ മഴയല്ല പുറത്ത്. ഒരു മഴപെയ്താല്‍ മുറ്റത്തെല്ലാം വെള്ളക്കെട്ടാകും. ശുചിമുറിയില്‍ പോലും വെള്ളം കിട്ടിനില്‍ക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് കുട്ടികളെ അടുത്ത വീട്ടില്‍ കൊണ്ടുപോകണം. അല്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് വീട്ടിലേക്ക് വിടണം.
സമീപത്തെ സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയതാണ് മുറ്റത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ പ്രധാന കരണം. അങ്കണവാടിക്ക് സമീപത്തുണ്ടായ തെങ്ങ് കഴിഞ്ഞദിവസത്തെ മഴയിലും കാറ്റിലും കടപുഴകി വീണു. കെട്ടിടത്തിന് മുകളിലേക്ക് വീഴാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇത് മുറിച്ചുമാറ്റുന്നത് ഉള്‍പ്പടെ പല അവശ്യങ്ങളും കോര്‍പറേഷനെ അറിയിച്ചിട്ട് കേട്ട ഭാവം പോലും നടിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ഇടപെട്ട് മിക്ക അങ്കണവാടികളും ആധുനികമാക്കുമ്പോഴാണ് നഗരമധ്യത്തിലെ അങ്കണ്‍വാടി ഇങ്ങനെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്.