കോഴിക്കോട് മലാപറമ്പില്‍ ദേശീയപാത മുറിച്ച് കടക്കാനുള്ള വഴിയടച്ചതില്‍ സംസ്ഥാന സര്‍ക്കാരാണ് ആദ്യം ഇടപെടേണ്ടതെന്ന് എം.കെ.രാഘവന്‍ എം.പി. ഫ്ലൈഓവര്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ കേന്ദ്രത്തില്‍ സമര്‍ദം ചെലുത്താമെന്നും രാഘവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരില്‍ നാട്ടുകാരുടെ വഴിയടച്ചത്.
പനാത്ത് താഴത്ത് നിന്ന് ദേശീയപാത മുറിച്ച്കടന്ന് ചേവരമ്പലത്തിലേക്ക് പോകാനുള്ള വഴിയാണ് അപകടസാധ്യതയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാണിച്ച് അടിച്ചത്. സ്വകാര്യബസുകളടക്കം കിലോമീറ്ററുകള്‍ ചുറ്റിയാണ് ഇപ്പോള്‍ മറുവശത്തെത്തുന്നത്. ബദല്‍ സംവിധാനമൊന്നുമൊരുക്കാതെ വഴിയടച്ചതില്‍ പ്രതിഷേധം വ്യാപകമാണ്. അടിപ്പാതയേക്കാള്‍ സാധ്യത കൂടുതല്‍ ഫ്ലൈഓവറിനാണെന്നും എം പി പറയുന്നു. സംസ്ഥാനസര്‍ക്കാരിന്‍റെ കീഴിലുള്ള റോഡായതിനാല്‍ ദേശീയപാതയുടെ അനുമതിയോടെ സര്‍ക്കാരാണ് മേല്‍പ്പാലം പണിയേണ്ടതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം.