എയിംസിനായി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കോഴിക്കോട് കിനാലൂരുകാര്‍ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയതോടെ സ്വന്തം കുടുംബത്തിലുള്ളവര്‍ക്ക് പോലും ഭൂമി എഴുതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഭൂമി ഏറ്റെടുക്കലിന് സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ ക്രയ വിക്രയം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. കേരളത്തിനായുള്ള എയിംസ് പ്രഖ്യാപനം നീണ്ടു പോകുമ്പോള്‍ കോഴിക്കോട് കിനാലൂരിന്‍റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് മങ്ങലേല്‍ക്കുന്നത്. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിക്ക് പുറമെ എയിംസിനായി ഭൂമിയും വീടും വിട്ടു നല്‍കാന്‍ തയ്യാറായവര്‍ നിസഹായവസ്ഥയിലാണ്
കിനാലൂര്‍, കാന്തലാട് വില്ലേജുകളിലെ 194 കുടുംബങ്ങളാണ് എയിംസിനായി ഭൂമിയും കിടപ്പാടവും വിട്ടു നല്‍കാന്‍ തയ്യാറായിട്ടുള്ളത്. ഏറ്റെടുക്കല്‍ വൈകുന്നതോടെ കഴിഞ്ഞ ആറ് വര്‍ഷമായി സ്വന്തം കുടുംബത്തിലുള്ളവര്‍ക്ക് പോലും ഭൂമി എഴുതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി വര്‍ഷങ്ങളായി കാടു കയറി കിടക്കുന്നതോടെ വന്യ മൃഗങ്ങളുടെയും ഇഴ ജന്തുക്കളുടെയും ശല്യം വേറെയും.
എയിംസ് വരുമെന്ന് പ്രഖ്യാപിച്ച 2014 മുതല്‍ കിനാലൂരുകാര്‍ ഈ പ്രതിസന്ധി നേരിടുകയാണ്. പദ്ധതിയുടെ സാമൂഹിക പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ സംസ്ഥാനം നേരത്തെ പൂര്‍ത്തിയാക്കിയതുമാണ്.