ട്രോളിങ് നിരോധനം കഴിഞ്ഞ് രണ്ടുമാസമായിട്ടും മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സമാശ്വാസ പദ്ധതി തുക സര്‍ക്കാര്‍ നല്‍കിയില്ല. മൂന്ന് ഗഡുക്കളായി 4,500 രൂപയാണ് നല്‍കേണ്ടതെങ്കിലും മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് പിരിച്ച 1,500 രൂപ മാത്രമാണ് തിരികെ കൊടുത്തത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്നുമാസം 500 രൂപ വച്ച് 1500 രൂപ മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് ഗുണഭോക്തൃവിഹിതമായി സ്വീകരിക്കും. പകരം ട്രോളിങ് നിരോധനമുള്ള ജൂണ്‍, ജൂലൈ മാസങ്ങളില്‍ 1500 രൂപ വീതം മൂന്ന് ഗഡുക്കളായി 4500 രൂപ തിരിച്ച് നല്‍കും. ട്രോളിങ് കാലത്ത് ചെലവ് കഴിയാനും സമ്പാദ്യശീലം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ സംയോജിച്ചുള്ള പദ്ധതി. പക്ഷെ അങ്ങോട്ട് അടച്ച തുകയല്ലാതെ മറ്റൊന്നും ഇതുവരെ കിട്ടിയിട്ടില്ല
ഗുണഭോക്തൃവിഹിതമായി 20.95 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണ് ബാക്കി തുക നല്‍കാത്തതെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വിശദീകരണം. നിത്യവൃത്തിക്ക് വകയില്ലാതിരുന്ന സമയത്ത് ആശ്വാസമാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ പദ്ധതിയെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ചോദ്യം.