നിപ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് ഒന്നരവര്‍ഷമായി കോമയില്‍ കഴിയുന്ന നഴ്സ് ടിറ്റോ തോമസിന്റ കുടുംബത്തിന്റ ആശ്വാസമായി സര്‍ക്കാരിന്റ സാമ്പത്തിക സഹായം. ജോലിപോലും ഉപേക്ഷിച്ചാണ് അച്ഛനും സഹോദരനും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ ടിറ്റോയെ പരിചരിക്കുന്നത് . ടിറ്റോയുടെ കുടുംബത്തിന്റ അവസ്ഥ മനോരമ ന്യൂസ് നേരത്തെ സര്‍ക്കാരിന്റ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
ടിറ്റോയുടെയും കുടുംബത്തിന്‍റെയും ജീവിതം ആശുപത്രിമുറിയുടെ നാല് ചുവരുകളിലേക്ക് ഒതുങ്ങിയിട്ട് 20 മാസമായി. ടിറ്റോ ഇടയ്ക്ക് കണ്ണുതുറന്ന് നോക്കുമെങ്കിലും ആരെയും തിരിച്ചറിയുന്നില്ല. എന്നാലും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കുടുംബം. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയോഗമാണ് ടിറ്റോയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ച് എട്ടുമാസം കഴിഞ്ഞപ്പോഴാണ് ടിറ്റോയെ നിപബാധിക്കുന്നത്. നിപ രോഗിയെ പരിചരിച്ചതിലൂടെയാണ് രോഗം പിടിപെട്ടത്. ഈ രോഗി പിന്നീട് മരിച്ചു. ടിറ്റോ ജോലി ചെയ്ത ആശുപത്രിയില്‍ തന്നെയാണ് ചികില്‍സയും. ഇതുവരെ ചെലവായ 46 ലക്ഷം രൂപയും ആശുപത്രി തന്നെയാണ് വഹിച്ചത്. മംഗലൂരുവില്‍ താമസിച്ചിരുന്ന കുടുംബം ഉപജീവനമാര്‍ഗമായ കന്നുകാലികളെ പോലും വിറ്റിട്ടാണ് ആശുപത്രിയില്‍ ടിറ്റോയ്ക്ക് കൂട്ടിരിക്കുന്നത്