മലബാര്‍ മേഖല ചലച്ചിത്രോല്‍സവത്തിന് കോഴിക്കോട് പ്രൗഡോജ്വല തുടക്കം. സംവിധായകന്‍ സയിദ് മിര്‍സ ഉദ്ഘാടനം നിര്‍വഹിച്ച മേളയില്‍ 58 തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രപ്രേമികളുടെ വന്‍ തിരക്ക് ആണ് മേള നടക്കുന്ന തീയറ്ററുകളിലെല്ലാം അനുഭവപ്പെടുന്നത്
മുഹമ്മദ് റസൂലോഫ് സംവിധാനം ചെയ്ത പേര്‍ഷ്യന്‍ സിനിമ ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ആയിരുന്നു ഉദ്ഘാടനചിത്രം. 2024ലെ കാന്‍ ചലച്ചിത്ര മേളയില്‍ സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം നേടിയ ചിത്രമാണിത്. ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍ നിന്നാണ് 58 മികച്ച ചിത്രങ്ങള്‍ മേഖലാ ചലച്ചിത്രോല്‍സവത്തിനായി തിരഞ്ഞെടുത്തത്.
അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണുവിനെ പ്രത്യേകം അനുസ്മരിച്ച് ഉദ്ഘാടകന്‍. ഷാങ് ഹായ് ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ മീനാക്ഷി ജയന്‍, സിതാരേ സമീര്‍ പര്‍ എന്ന ഹിന്ദി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപീ കൃഷ്ണന്‍ വര്‍മ്മ എന്നിവര്‍ക്ക് പുറമേ സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ് സുധീഷും മുഖ്യാതിഥികളായി. തിങ്കളാഴ്ച മേള സമാപിക്കും.