കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്തെ പരാധീനതകളൊഴിയുന്നില്ല. ഘട്ടം ഘട്ടമായി പണം അനുവദിക്കുന്നുണ്ടെങ്കിലും മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കക്കയത്ത് കാര്യമായി വികസനമെത്തിയിട്ടില്ല. വനം, വൈദ്യുതി വകുപ്പുകളുടെ ഏകോപനമില്ലായ്മയും തിരിച്ചടിക്ക് കാരണമാണ്.
എവിടെയുമില്ലാത്ത തരത്തിലുള്ള ഇരട്ട പ്രവേശനഫീയാണ് ഇവിടെ ഈടാക്കുന്നത്. കക്കയം ചുരംപാതയുടെ തുടക്കത്തില്‍ വനംവകുപ്പിന്‍റെ പിരിവ്. പ്രധാന കവാടത്തിലെത്തുന്നതിന് തൊട്ടുമുമ്പ് കെഎസ് ഇബിയുടെ മറ്റൊരു പിരിവ്. ഇതെന്തിനാണ് രണ്ട് പ്രവേശനഫീ എന്ന് ചോദിച്ചാല്‍ എല്ലാം മുകളില്‍ നിന്നുള്ള ഉത്തരവെന്ന് പറഞ്ഞ് ജീവനക്കാര്‍ കൈമലര്‍ത്തും. ഇനി ഡാം സൈറ്റിലേയ്ക്ക് പ്രവേശിച്ചാല്‍ പാര്‍ക്കെല്ലാം പഴകി ദ്രവിച്ചു തുടങ്ങി. മാറ്റി പുതിയത് സ്ഥാപിക്കുമെന്നാണ് പറയുന്നത്. നടക്കുമോ എന്തോ. എന്നാല്‍ ബോട്ടിങ് വല്ലാത്ത ഒരു അനുഭവമാണ്. കാടിനോട് ചേര്‍ന്നുള്ള സ്പീഡ് ബോട്ടിലെ യാത്ര ആരുടേയും മനം കുളിര്‍പ്പിക്കും. മിക്കപ്പോഴും വന്യമൃഗങ്ങളെയും കാണാം.
എന്നാല്‍ സഞ്ചാരികള്‍ക്കായി ആകെ രണ്ട് ബോട്ടുകള്‍ മാത്രമേ ഉള്ളൂ. തിരക്കുള്ള സമയങ്ങളില്‍ ഏറെ നേരം കാത്തിരിക്കണം ബോട്ട് യാത്രക്കായി. മൂന്നാമതൊരെണ്ണം കൂടി വാങ്ങുമെന്ന് പറഞ്ഞതല്ലാതെ ഒന്നും സഭവിച്ചിട്ടില്ല.