കോഴിക്കോട് കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ച് എം കെ മുനീര്‍ എം എല്‍ എ. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് എംഎല്‍എയുടെ ഇടപെടല്‍.
എംഎല്‍എ ഫണ്ടില്‍ നിന്ന് 49 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്പെഷ്യല്‍ ബിള്‍ഡിങ് വകുപ്പില്‍പ്പെടുത്തിയായിരിക്കും നിര്‍മാണം.
കെട്ടിടത്തില്‍ ലിഫ്റ്റ് നിര്‍മിക്കാനുള്ള സൗകര്യമുണ്ടായിട്ടും നടപടിയുണ്ടായില്ലായിരുന്നു. ഭിന്നശേഷിക്കാര്‍ ഏറെയെത്തുന്ന സബ് രജിസ്ട്രാര്‍ ഓഫിസ് താഴെ നിലയിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന ഭിന്നശേഷിക്കാര്‍ 40 ലേറെ പടികള്‍ ഇഴഞ്ഞുകയറിയിരുന്നു. പ്രായമായവരടക്കം ബുദ്ധിമുട്ടിലായി. ലിഫ്റ്റ് വരുന്നതോടെ കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ ഇനി ഭിന്നശേഷി സൗഹൃദകേന്ദ്രമാകും.