കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോർച്ചയിൽ എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. പ്ലാന്റിനോട് വിശദമായ റിപ്പോർട്ട് തേടിയെന്ന് ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി പറഞ്ഞു. അതേസമയം ഇന്ധന ചോർച്ച പരിഹരിക്കാൻ ഇപ്പോഴും ആയിട്ടില്ല. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ പൂർണ്ണമായി പരിഹരിച്ചു എന്നു പറഞ്ഞ ചോർച്ചയാണിത്. യാതൊരു മാറ്റവും ഇല്ലാതെ തുടരുന്നു. അഴുക്കുചാലുകളിലെല്ലാം ഡീസൽ ആണ്. ചോർച്ചയുടെ അടിസ്ഥാനത്തിൽ പ്ലാന്റ് സന്ദർശിക്കാൻ എത്തിയ വിവിധ വകുപ്പുകളുടെ സംയുക്ത സംഘത്തിന് ഗുരുതര സാഹചര്യം നാട്ടുകാർ നേരിട്ട് കാണിച്ചുകൊടുത്തു. എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചു എന്നാണ് സംയുക്ത സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് നാട്ടുകാർ. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങും ഉറപ്പു നൽകി.