20 വർഷത്തിലേറെയായി വാടകവീട്ടിൽ കഴിയുന്ന കുമ്പള സ്വദേശി മൊയ്‌ദീൻ ഇർഷാദിനും കുടുംബത്തിനും പട്ടയം ലഭിച്ചിട്ടും ഭൂമി അളന്ന് കൈമാറുന്നില്ലെന്ന് പരാതി. കുമ്പള വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും നാളുകളായി കയറിയിറങ്ങിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.
സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ് കുമ്പള സ്വദേശി മൊയ്‌ദീൻ ഇർഷാദ് 2017 ൽ സർക്കാരിന് ഭൂമിക്കായുള്ള അപേക്ഷ നൽകിയത്. നിരവധി തവണ അപേക്ഷ നൽകിയതിനെ തുടർന്ന് ഭൂമി അനുവദിച്ചതായി അറിയിക്കുകയും, എട്ട് മാസം മുൻപ് പട്ടയമേളയിൽ പട്ടയം ലഭ്യമാക്കുകയും ചെയ്തു. കൊയിപാടി വില്ലേജിൽ കെ.എസ്.ടി.പി റോഡരികിൽ സ്വകാര്യ കോളജിന് പിറകുവശത്തുള്ള ഭൂമിയാണ് തനിക്ക് അനുവദിച്ചതെന്നാണ് ഇർഷാദ് പറയുന്നത്.എന്നാൽ പട്ടയത്തിലെ സ്ഥലം കണ്ടെത്തി അളന്ന് നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ഇർഷാദിന്റെ പരാതി.
സ്വകാര്യ സർവേയർമാരുടെയും വിരമിച്ച വില്ലേജ് ഓഫീസറുടെയും സഹായത്തോടെ ഭൂമി കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് താലൂക്ക് സർവേയർ എത്തിയിട്ടും ഭൂമി കണ്ടെത്താനായില്ല. പട്ടയത്തിലെ സർവേ നമ്പറും സ്കെച്ചിലെ സർവേ നമ്പറും തമ്മിൽ വ്യത്യാസമുണ്ടെന്നും ഇർഷാദ് ചൂണ്ടിക്കാട്ടുന്നു.
പട്ടയത്തിലെ സ്ഥലം അളന്ന് നൽകാൻ പലതവണ ഓഫിസുകൾ കയറിയിറങ്ങി. ആളില്ലെന്നും സ്ഥലം അറിയില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ മറുപടി. വർഷങ്ങളായി ഇർഷാദും കുടുംബവും വാടകവീട്ടിലാണ് താമസം. ഇനിയും സ്ഥലം അളന്ന് തരാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കുടുംബത്തോടൊപ്പം വില്ലേജ്, താലൂക്ക് ഓഫിസുകൾക്ക് മുന്നിൽ സമരം നടത്താനാണ് ഇർഷാദിന്‍റെ തീരുമാനം.