തിരുവോണദിനത്തിൽ ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നിൽ പട്ടിണി കിടന്ന് നീലേശ്വരത്തെ ജനങ്ങളുടെ പ്രതിഷേധം. ദേശീയപാത വികസനത്തിന്‍റെ പേരിൽ നേരിടുന്ന നീതി നിഷേധത്തിനെതിരെയാണ് തിരുവോണ ദിനത്തിൽ ജനകീയ സമരസമിതി ഉപവാസ സമരം നടത്തിയത്. 

ഓണസദ്യ ഉപേക്ഷിച്ച് നാടിന്‍റെ നിലനിൽപ്പിനായി ജനകീയ സമര സമിതി പ്രവർത്തകർ ഉപവാസമിരുന്നു. ദേശീയപാത വികസനത്തിന്‍റെ പേരിൽ നഗരത്തെ നെടുകെ വെട്ടിമുറിക്കുന്ന അശാസ്ത്രീയ നിർമാണങ്ങൾക്കെതിരെയാണ് പ്രതിഷേധം. നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത, അഥവാ എലിവേറ്റഡ് ഹൈവേ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ജനകീയ സമര സമിതി ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി, മുതിർന്ന അംഗം രാജു രാമൂട്ടി, ജനറൽ കൺവീനർ ഡി. രാജൻ അടക്കമുള്ളവർ  വേദിയിൽ ഉപവാസമിരുന്നു. 

എൻ.എച്ച്.എ.ഐയുടെ ഉന്നതതല സാങ്കേതിക സംഘം അടിയന്തരമായി നീലേശ്വരത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കണമെന്ന്  സമരസമിതി ആവശ്യപ്പെട്ടു. തിരുവോണദിന ഉപവാസ സമരത്തിന് സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ‌ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും നാടിന്‍റെ സ്വാഭാവിക ഘടനയും സംരക്ഷിക്കുംവരെ സമരം ശക്തമായി തുടരുമെന്ന് ജനകീയ സമര സമിതി അറിയിച്ചു.

ENGLISH SUMMARY:

Nileshwaram protest occurred on Onam day against the injustice faced due to National Highway development, where people protested with empty banana leaves. This fasting protest was organized by the people's action committee against unscientific constructions that are dividing the town for highway expansion.