തകർന്നുവീഴാറായ വീടിനുള്ളിൽ ഭീതിയോടെയുള്ള ജീവിതമാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ പുഷ്പയുടേത് . ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന മകനോപ്പം ഒറ്റമുറി വീട്ടിലാണ് താമസം. സമാധാനമായി തല ചായ്ക്കാൻ ഒരു കൊച്ചു വീട് എന്ന പുഷ്പയുടെ സ്വപ്നം ഇന്നും ഒരു ആഗ്രഹമായി അവശേഷിക്കുന്നു.സഹോദരന്റെ  വീടിനോട് ചേർന്നുള്ള പശുതൊഴുത്ത് അഞ്ചു വർഷം മുൻപാണ് ഇവർ വീടാക്കി മാറ്റിയത്.

അടുക്കളയും കിടപ്പുമുറിയും എല്ലാം ഈ ഒറ്റമുറി തൊഴുത്തിൽ തന്നെ. സുരക്ഷിതമായി കഴിയാൻ ഒരു കൊച്ചു വീട് എന്ന പുഷ്പയുടെ വലിയ സ്വപ്നത്തിന് മുന്നിൽ കണ്ണ് അടയ്ക്കുകയാണ് അധികൃതർ.

തകർന്ന ഓടുകൾക്ക് മുകളിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് നിലവിൽ താമസം. സ്വന്തമായി ശൗചാലയമോ കുടിവെള്ള സൗകര്യമോ ഇല്ലാത്ത ഇവർ സഹോദരന്റെ വീടിനെയാണ് ആശ്രയിക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി പി.എം.എ.വൈ പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 

സാങ്കേതിക പ്രശ്നങ്ങൾ കാരണം നിലവിലെ വീടിനു നമ്പർ ലഭിക്കാത്ത സാഹചര്യമാണ്. ഭർത്താവിന്റെ മരണശേഷം തൊഴിലുറപ്പ് ജോലിയിൽ നിന്നും വിധവാ പെൻഷനിൽ നിന്നും ലഭിക്കുന്ന തുക മാത്രമാണ് വരുമാനമാർഗ്ഗം. മഴക്കാലത്തിനു മുൻപ് സുരക്ഷിതമായ ഇടം ഒരുക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.