കാസർകോട് കുമ്പള ദേശീയപാത പ്രധാന പാതയിൽ 800 മീറ്ററോളം മാത്രം ഓടുന്ന സ്വകാര്യ ബസ്സുകൾ ഒരു ട്രിപ്പിന് നൽകേണ്ടി വരിക 440 രൂപ ടോൾ. പിരിവ് തുടങ്ങുന്നതിനു മുന്നോടിയായി ദേശീയപാത അതോറിറ്റി പ്രസിദ്ധീകരിച്ച നിരക്ക് പ്രകാരമാണ് ഇത്. പിരിവ് തുടങ്ങിയാൽ സർവീസ് നിർത്തിവെക്കും എന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. 19ാം തീയതി ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ പിരിവ് നടത്തരുതെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലു പിരിവ് തുടങ്ങിയാൽ തടയാനാണ് സമരസമിതി തീരുമാനം.
ദേശീയപാതയിൽ ആരിക്കാടി പാലത്തിനും ഷിറിയ പുഴയ്ക്ക് കുറുകെയുള്ള പാലത്തിനും ഇടയിലാണ് ടോൾ ബൂത്തിന്റെ സ്ഥാനം. സർവീസ് റോഡ് ഇല്ലാത്ത മേഖലയിൽ എല്ലാം വാഹനങ്ങളും ടോൾ ബൂത്തിലൂടെ വേണം കടന്നു പോകാൻ. അതായത് മേഖലയിലെ സാധാരണക്കാർ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങണമെങ്കിൽ ദേശീയപാതയിലെ പ്രധാന പാതയിലൂടെ മാത്രമേ പോകാനാകു. നിലവിൽ റോഡ് ടാക്സ് അടച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഈ 800 മീറ്റർ ഭാഗത്ത് മാത്രമാണ് പുതിയ സ്ട്രച്ചിൽ പ്രധാന പാതയിലേക്ക് കയറുന്നത്. ഒരു ട്രിപ്പിന് 440, 4 ട്രിപ്പുകൾ ഓടുന്ന ബസ്സിനാണ് 1760. ഒരു ദിവസം 1500 രൂപയ്ക്ക് താഴെ ലാഭമുള്ള ബസ്സുകൾ ടോൾ കൂടി നൽകേണ്ടി വന്നാൽ സർവീസ് നിർത്തിവെക്കും എന്നാണ് മുന്നറിയിപ്പ്.
60 കിലോമീറ്റർ വ്യത്യാസത്തിലെ ടോൾ പാടുള്ളൂ എന്ന നിബന്ധന മറികടന്നാണ് തലപ്പാടി ടോളിൽ നിന്നും 23 കിലോമീറ്റർ ദൂരത്ത് ആരിക്കാടിയിൽ ബൂത്ത് സ്ഥാപിക്കുന്നത്. പിരിവ് ആരംഭിക്കാനായി കഴിഞ്ഞ ദിവസം നിരക്ക് പ്രസിദ്ധീകരിച്ചെങ്കിലും കളക്ടർ ഇടപെട്ട് തടയുകയായിരുന്നു. ഒരു കാറിൽ കാസർകോട് നിന്ന് മംഗളൂരുവിൽ പോയി മടങ്ങി വരാൻ രണ്ട് ടോളിലുമായി 210 രൂപയാണ് നൽകേണ്ടി വരുന്നത്. വരുന്ന 19ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ പിരിവ് തുടങ്ങരുതെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. പിരിവ് നടത്തിയാൽ തടയുമെന്നാണ് സമരസമിതി നിലപാട്.