കാസർകോട് ഒരു സ്കൂളിൽ 20 വർഷത്തോളമായി ഉള്ള ജനകീയ ഉത്സവമാണ് നെല്ലിക്ക മഹോത്സവം. ചീമേനി നാലിലാംകണ്ടം ഗവൺമെന്റ് യുപി സ്കൂളിലാണ് നെല്ലിക്ക വിളവെടുപ്പ് മഹോത്സവമായി നടക്കുന്നത്. നെല്ലിക്ക വിളവെടുപ്പും കുട്ടികളുടെ കലാപരിപാടിയുമാണ് ഉത്സവത്തിലെ പ്രധാന പരിപാടി.
അഞ്ചേക്കറുള്ള സ്കൂൾ വളപ്പിൽ നിറയെ കായ്ക്കുന്ന നെല്ലിമരങ്ങൾ ഉണ്ട്. 40 വർഷത്തിലേറെയായി ഇവ കായ്ച്ച് തുടങ്ങിയിട്ടെങ്കിലും, ആഘോഷമായുള്ള വിളവെടുപ്പ് തുടങ്ങിയിട്ട് 22 ആം വർഷമാണ്. പിടിഎ കമ്മിറ്റി അംഗങ്ങളായ എം ഹരീശ്വരൻ,
രാജീവൻ, എ ശ്രീകാന്ത്, പി പി മണി എന്നിവരാണ് മരത്തിനു മുകളിൽ കയറി നെല്ലിക്ക ഉതിർത്തിട്ടത്. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് വൃക്ഷച്ചുവട്ടിൽ തുണി വിരിച്ച് നെല്ലിക്ക മുഴുവൻ ശേഖരിക്കുകയും ചെയ്തു. മുഴുവൻ കുട്ടികൾക്കും വിളവെടുപ്പിൽ പങ്കാളികളായ രക്ഷിതാക്കൾക്കും നെല്ലിക്ക വിതരണം ചെയ്തു.
കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നെല്ലിക്ക മഹോത്സവത്തിന്റെ പ്രത്യേകതയാണ്. വിശാലമായ ജൈവ വൈവിധ്യ പാർക്കുള്ള സ്കൂളിൽ അപൂർവയിനം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമുണ്ട്. വിവിധ ഫലവൃക്ഷങ്ങളാലും സമൃദ്ധമാണ് സ്കൂൾ ക്യാമ്പസ്. പ്രധാന അധ്യാപകൻ വി വി മാധവൻ, പിടിഎ പ്രസിഡണ്ട് എം വി സന്തോഷ്, മദർ പിടിഎ പ്രസിഡണ്ട് എ ശൈലജ, കെ എം കുഞ്ഞിക്കണ്ണൻ, വി രാഘവൻ, പി ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.