കാസർകോട് മഞ്ചേശ്വരത്ത് താഴ്ന്ന് സ്ഥിതിചെയ്യുന്ന ഹൈ ടെൻഷൻ വൈദ്യുതി ലൈൻ നാട്ടുകാർക്ക് ഭീഷണിയാകുന്നു. മച്ചമ്പാടി പുഞ്ചത്ത് വയൽ റോഡിന് അരികിലുള്ള ലൈനാണ് മരങ്ങൾക്ക് ഇടയിലൂടെ കടന്നുപോകുന്നത്. ഇതോടെ ഭയപ്പാടിലാണ് ഇതുവഴി നാട്ടുകാർ നടന്ന് പോകുന്നത്.
മച്ചമ്പാടി പുഞ്ചത്ത് വയൽ ജുമാമസ്ജിദ് റോഡിന് സമീപത്തുള്ള ഹൈടെൻഷൻ ലൈനാണ് പ്രദേശവാസികൾക്ക് സുരക്ഷാ ഭീഷണിയായിരിക്കുന്നത്. ഇടുങ്ങിയ റോഡിന്‍റെ വശങ്ങളിലൂടെ കടന്നുപോകുന്ന ഈ ലൈൻ 120 കെ വി ലൈനിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ വീടുകൾക്ക് സമീപത്ത് കൂടി തെങ്ങിനും കവുങ്ങുകൾക്കും ഇടയിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. ശക്തമായ കാറ്റിലും മഴയിലും ലൈനും മരച്ചില്ലകളും കൂട്ടിമുട്ടി തീപ്പൊരി പാറുന്നത് പതിവാണ്. ഇതോടെ ഭയന്ന് വിറച്ചാണ് ഇതുവരെ നാട്ടുകാർ കടന്നുപോകുന്നു.
സ്കൂൾ, മദ്രസ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഉൾപ്പെടെ നിരവധി പേർ ദിവസേന ഈ വഴി ഉപയോഗിക്കുന്നുണ്ട്. വഴിയരികിൽ വീടുകളുള്ളതിനാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ അപകടഭീഷണിയിലാണ്. പക്ഷികൾ ഷോക്കടിച്ച് താഴെ വീഴുന്നത് ഇവിടെ പതിവാണ്. നിരവധി തവണ കെഎസ്ഇബിയിൽ പരാതി നൽകിയെങ്കിലും കാര്യമില്ല. തങ്ങളുടെ സുരക്ഷയ്ക്ക് ലൈനുകൾ മാറ്റി സ്ഥാപിക്കുകയോ ബദൽ മാർഗം കണ്ടെത്തുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.