കാസർകോട് മഞ്ചേശ്വരത്ത് ദുരന്തം ക്ഷണിച്ചുവരുത്തി ദേശീയപാത മുറിച്ചു കടന്ന് വിദ്യാർഥികളും നാട്ടുകാരും. സമീപത്ത് ഫുട് ഓവർ ബ്രിഡ്ജ് ഉള്ളപ്പോഴാണ് റോഡ് മുറിച്ചുള്ള അപകട യാത്ര. മേഖലയിൽ അപകടങ്ങൾ ഉണ്ടായിട്ടും ഈ അപകടയാത്ര തടയാൻ ഒരു നടപടിയുമില്ല.
മഞ്ചേശ്വരം രാഗം ജംഗ്ഷനിലാണ് ദേശീയപാതയുടെ ബാരിക്കേടുകൾ ചാടിക്കടന്നുള്ള ഈ അപകട യാത്ര. തൊട്ടടുത്ത് ഫുഡ് ഓവർ ബ്രിഡ്ജ് ഉണ്ടായിട്ടും അതുവഴി യാത്ര ചെയ്യാൻ ജനങ്ങളും വിദ്യാർത്ഥികളും തയ്യാറല്ല. ദേശീയപാത നിർമ്മാണം അന്തിമഘട്ടത്തിലായ മേഖലയിൽ അതിവേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് ജനങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുന്നത്. മേഖല പരിചയമില്ലാത്ത ആളുകളാണ് ദേശീയപാതയിലൂടെ ഭൂരിഭാഗവും യാത്ര ചെയ്യുന്നത് എന്നതിനാൽ വലിയ അപകട സാധ്യതയാണ് ഈ മുറിച്ചുകടക്കൽ സൃഷ്ടിക്കുന്നത്.
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് എത്താനായി ഗോവിന്ദ പൈ കോളേജിലെ വിദ്യാർഥികളും കണ്ണൂർ സർവകലാശാല ക്യാമ്പസിലെ വിദ്യാർഥികളും ആണ് റോഡ് മുറിച്ച് കടക്കുന്നവരിൽ ഭൂരിഭാഗവും. മുൻപ് ഇവിടെ അപകടങ്ങൾ നടന്നിരുന്നു. അന്ന് ഫുഡ് ഓവർ ബ്രിഡ്ജ് ഉണ്ടായിരുന്നില്ല. പ്രദേശവാസികൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ച പ്രതിഷേധിച്ചതിന്റെ ഭാഗമായിട്ടാണ് ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിച്ചത്. എന്നാൽ ബ്രിഡ്ജ് യാഥാർത്ഥ്യമായിട്ടും അത് ഉപയോഗിക്കാൻ നാട്ടുകാരും വിദ്യാർത്ഥികളും തയ്യാറാകുന്നില്ല. കോളേജ് അധികൃതരും, പൊലീസും ഇടപെട്ടുകൊണ്ട് ആളുകൾ റോഡ് മുറിച്ചുകിടക്കുന്നത് നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.