മഴ കനത്തത്തോടെ കാസർകോട് ദേശീയപാതയ്ക്കായി തുരന്ന മട്ടലായി കുന്നിന് താഴെ താമസിക്കുന്നവർ ദുരിതത്തിൽ. ഓരോ മഴയത്തും റോഡിൽനിന്ന് നിന്ന് ചെളിവെള്ളം വീട്ടുമുറ്റത്തേക്ക് കുത്തിയൊഴുകി വരികയാണ്. പ്രദേശം ചെളി നിറഞ്ഞതോടെ ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ് നാട്ടുകാർ.
മഴ ആരംഭിച്ചത് മുതൽ പ്രദേശവാസികൾ ഓരോരുത്തരായി സ്ഥലം വിടുകയാണ്. പ്രധാന കാരണം ചെളിയാണ്. കുന്നിൽ മുകളിൽ നിന്നും ദേശീയപാതയിൽ നിന്നും ഒഴുകിയെത്തുന്ന ചെളിവെള്ളം കെട്ടിക്കിടന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. മഴ കനത്തതോടെ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ഭീതി കൂടിയുണ്ട് പലായനത്തിന് പിന്നിൽ.
ദേശീയപാത നിർമ്മാണം ആരംഭിച്ചതു മുതൽ എല്ലാവർഷവും ഇതാണ് അവസ്ഥ. ഓരോ വർഷവും മഴക്കാലം കഴിയുമ്പോൾ കൂലിക്ക് ആളെ വെച്ച് വീടും പരിസരവും വൃത്തിയാക്കണം. നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരെ കഴിഞ്ഞവർഷം നാട്ടുകാർ നേരിട്ട് കണ്ട് വിഷയം ധരിപ്പിച്ചിരുന്നുവെങ്കിലും പരിഹാരമുണ്ടായില്ല. വലിയതോതിൽ മണ്ണെടുത്ത് കുന്നിന്‍റെ ഘടനയിൽ തന്നെ മാറ്റം വന്നതോടെ, ദുരന്തം മുന്നിൽകണ്ട് ജീവിക്കേണ്ട അവസ്ഥയിലാണ് മട്ടലായിക്കാർ.