കണ്ണൂര്‍ തളിപ്പറമ്പ് മണ്ഡലത്തിലെ സമൃദ്ധി പദ്ധതിയിലൂടെ ലോണെടുത്ത് ക്ഷീരകൃഷി തുടങ്ങിയ കര്ഷകന് വര്‍ഷങ്ങള്‍ക്കിപ്പുറം കടക്കെണിയില്‍. കുറ്റ്യാട്ടൂര്‍ ചോല സ്വദേശി അബ്ദുല്‍ നാസര്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ മുഴുവന്‍ പശുക്കളെയും വിറ്റു. പലിശ ജില്ലാ പഞ്ചായത്ത് അടക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുണ്ടായില്ലെന്നും തീരാ കടത്തിലേക്ക് തള്ളിവിട്ടുവെന്നും നാസര്‍ പറയുന്നു.
കുറ്റ്യാട്ടൂര്‍ ചോലയിലെ തന്റെ പശുത്തൊഴുത്തിലേക്ക് വന്നെത്തി നോക്കുകയാണ് നാസര്‍. ആലയില്‍ പണ്ട് 18 പശുക്കളുണ്ടായിരുന്നു. തളിപ്പറമ്പ് മണ്ഡലത്തില്‍ 2018ല്‍ നടപ്പാക്കിയ സമൃദ്ധി പദ്ധതി പ്രകാരം കുറ്റ്യാട്ടൂര്‍ സഹകരണ ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപ ലോണെടുത്തായിരുന്നു പശുക്കളെ വാങ്ങിയത്. ആദ്യത്തെ രണ്ടുവര്‍ഷം വരെ തിരിച്ചടവ് കൃത്യമായിരുന്നുവെന്ന് നാസര്‍. എന്നാല്‍ കോവിഡും അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങളും പശുക്കളുടെ രോഗവുമെല്ലാമായതോടെ എല്ലാം തകിടം മറിഞ്ഞു. നാസര്‍ കടക്കെണിയില്‍ പെട്ടു. ഇപ്പോള്‍ പദ്ധതിപ്രകാരം കിട്ടിയ തുക തിരിച്ചടക്കാനുള്ളത് 19 ലക്ഷത്തിലേറെ. പലിശ വിഹിതം ജില്ലാ പഞ്ചായത്ത് അടയ്ക്കുമെന്ന് പറഞ്ഞതല്ലാതെ ഒരു രൂപ പോലും അടച്ചില്ലെന്ന് നാസര്‍.
പൂര്‍ണമായും നാശത്തിന്റെ വക്കിലെത്തിയ കാലിത്തൊഴുത്തില്‍ ഇനി എന്തു ചെയ്യുമെന്നറിയാതെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. അവസാനത്തെ പശുക്കളെയും വിറ്റത് നാല് മാസം മുമ്പായിരുന്നു. സഹായിക്കണമെന്ന അഭ്യർഥനയുമായി തളിപ്പറമ്പിലുണ്ടായിരുന്ന സമൃദ്ധി പദ്ധതിയുടെ ഓഫിസിലെത്തിയപ്പോൾ പണ്ടേ അത് പൂട്ടിപ്പോയെന്നാണ് നാസറിനെ പോലെ പല ക്ഷീരകര്‍ഷകര്‍ക്കും ലഭിച്ച മറുപടി. വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിട്ട് നടപടിയുണ്ടായില്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കിയിട്ടുണ്ടെങ്കിലും മൃഗസംരക്ഷണ വകുപ്പിലേക്ക് കൈമാറിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.