സ്വന്തം വീട് നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച് കൂപ്പൺ വിറ്റ സംഭവത്തിൽ കണ്ണൂർ കൊട്ടിയൂർ സ്വദേശി ബെന്നി തോമസിനെതിരെ ആരോപണവുമായി കൂപ്പൺ വാങ്ങിയവർ. നറുക്കെടുപ്പിന് തൊട്ടുമുമ്പ് ബെന്നി തോമസ് അറസ്റ്റിലായതിലും ദുരൂഹതയുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. സമഗ്ര അന്വേഷണം വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജപ്തി ഒഴിവാക്കാനാണ് വീടും സ്ഥലവും നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകുമെന്ന് ബെന്നി തോമസ് 2025 മാർച്ചിൽ പ്രഖ്യാപിച്ചത്. 3,300 ചതുരശ്ര അടി വിസ്തീർണമുള്ള വീടും 26 സെന്റ് സ്ഥലവുമായിരുന്നു ഒന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങളായി ഉപയോഗിച്ച വാഹനങ്ങളും നാലാം സമ്മാനമായി പുതിയ ബുള്ളറ്റ് ബൈക്കും പ്രഖ്യാപിച്ചിരുന്നു.
കൂപ്പൺ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വായ്പ തിരിച്ചടച്ച് ജപ്തി ഒഴിവാക്കുമെന്നും നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുമെന്നും ആയിരുന്നു വാഗ്ദാനം. പതിനായിരം കൂപ്പണുകളാണ് വിൽക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും കൂടുതൽ കൂപ്പണുകൾ വിറ്റതായും ഏകദേശം മൂന്ന് കോടി രൂപ സ്വന്തമാക്കിയതായും ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. സമ്മാനമായി പ്രഖ്യാപിച്ച വാഹനങ്ങളിൽ ഒന്നിനെ പിന്നീട് ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചതായും ആരോപണമുണ്ട്.
2025 മെയ് 25നായിരുന്നു ആദ്യം നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കൂപ്പണുകൾ വിറ്റുതീരാത്തതിനെ തുടർന്ന് നറുക്കെടുപ്പ് ഡിസംബർ 20ലേക്ക് മാറ്റി. എന്നാൽ നറുക്കെടുപ്പിന് തൊട്ടുതലേന്ന് ബെന്നി തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂപ്പൺ വിൽപ്പന നിയമവിരുദ്ധമാണെന്ന ലോട്ടറി വകുപ്പിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
പണം തിരികെ ലഭിക്കുക മാത്രമല്ല, സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനാണ് നിയമപരമായി മുന്നോട്ട് പോകുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.