നഷ്ടപ്പെട്ട ഉയർന്ന പദവികൾ നിയമ പോരാട്ടത്തിലൂടെ സ്വന്തമാക്കി ഒരു പട്ടാളക്കാരൻ. കണ്ണൂർ തളിപ്പറമ്പ് കൂവോട് സ്വദേശി എം വി ഗോപാലനാണ് വിരമിച്ച് 22 വർഷത്തിനുശേഷം ഹോണററി ലെഫ്റ്റനന്‍റ് പദവി നേടിയത്. 32 വർഷം നീണ്ട രാജ്യസേവനത്തിൽ ഉറി ഉൾപ്പെടെ ഒട്ടേറെ പ്രധാന ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട് തളിപ്പറമ്പ്കാരനായ എം വി ഗോപാലൻ. മികച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയ ഗോപാലൻ 2003ൽ ഗോവയിലെ ആർമി സിഗ്നൽസിൽ നിന്ന് വിരമിച്ചത് സുബേദാർ മേജർ ആയാണ്. ഹോണറ്റി ലെഫ്റ്റനന്‍റ്, ഹോണററി ക്യാപ്റ്റൻ എന്നീ പദവികളിലേക്ക് ഉയരേണ്ടിയിരുന്ന ഗോപാലന് തിരിച്ചടിയായത് തന്‍റെ തിമിര ശസ്ത്രക്രിയ ആയിരുന്നു. സൈനിക സേവനം നടത്തിയവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതൽ അറിഞ്ഞത് വിവരാവകാശ നിയമപ്രകാരം. സ്ഥാനക്കയറ്റത്തിന് അർഹനാണെന്ന് മനസ്സിലായതോടെ നിയമപരമായി നീങ്ങാൻ തീരുമാനിച്ചു.
22 വർഷം നീണ്ട നിയമ പോരാട്ടം. ഒടുവിൽ കൊച്ചിയിലെ ആംഡ് ഫോഴ്സസ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി. വിരമിക്കുന്നതിന് മുൻപ് ലഭിക്കേണ്ടിയിരുന്ന അർഹമായ ആനുകൂല്യങ്ങൾ നൽകാനായിരുന്നു ഉത്തരവ്. അനുകൂല വിധി വന്നത് 2023 ൽ ആയിരുന്നെങ്കിലും ഉത്തരവ് ലഭിച്ചത് ഈ മാസം . 2023 മുതലുള്ള ആനുകൂല്യങ്ങൾ ഇതോടെ ലഭ്യമായി. എന്നാൽ വിരമിച്ചത് മുതലുള്ള ആനുകൂല്യങ്ങൾ എല്ലാം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് രാജ്യത്തെ കാത്ത ഈ പട്ടാളക്കാരൻ.