തുറന്ന് ഒരു വര്‍ഷം പോലും ഉപയോഗിക്കാന്‍ കഴിയാതെ കടമ്മനിട്ട പടയണി ഗ്രാമം. അശാസ്ത്രീയമായ നിര്‍മാണം കാരണം കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. പടയണി കലാകാരന്‍മാര്‍ തന്നെ പണം ചെലവിട്ടു തയാറാക്കിയ പടയണി മ്യൂസിയവും ചോര്‍ച്ച കാരണം നശിച്ചു.

2007ലാണ് മൂന്നര ഏക്കറില്‍ പടയണി ഗ്രാമത്തിനായി  പണിതുടങ്ങിയത്. കേന്ദ്ര,സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് ഘട്ടംഘട്ടമായാണ് നിര്‍മാണം പുരോഗമിച്ചത്. പണി തുടങ്ങി പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് പടയണിഗ്രാമം ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. മുളയും പരമ്പും കൊണ്ടു നിര്‍മിച്ച കെട്ടിടങ്ങള്‍ ഉപയോഗ ശൂന്യമായി. നാലുവശവും തുറന്ന രീതിയില്‍ നിര്‍മിച്ച പടയണി കളരി പരിശീലനത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. അലങ്കാര ഗോപുരത്തിന് വാതിലുകളില്ല,ഗസ്റ്റ് ഹൗസുകള്‍ കാട് കയറി. കടമ്മനിട്ട ഗോത്രകലാകളരി ആറ് ലക്ഷം ചെലവിട്ടാണ് രണ്ട് വര്‍ഷം മുന്‍പ് മ്യൂസിയം തുടങ്ങിയത്. അവിടെ തയാറാക്കിയ കോലങ്ങളും ചോര്‍ച്ച കാരണം നശിച്ചു.

പടയണിക്കാലത്തല്ലാതെയും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കലയെ അറിയാനുള്ള വിശാലമായ പദ്ധതിയായിരുന്നു പടയണി ഗ്രാമം. കേരളത്തിലെ കാലാവസ്ഥയ്ക്കു ചേര്‍ന്ന വിധമല്ല നിര്‍മാണം എന്നതാണ് വീഴ്ചയായത്. തകരാറുകള്‍ പരിഹരിക്കണമെങ്കില്‍ വലിയ ചെലവുവരും. പുതിയ സര്‍ക്കാരിലാണ് ഗ്രാമത്തിന്‍റെ പ്രതീക്ഷ