കണ്ണൂര്‍ ആറളം ഫാമിനെ കാർഷിക മേഖലയുടെ ശവപ്പറമ്പ് ആക്കി കാട്ടാനകൾ. ഒരാഴ്ചയ്ക്കിടയിൽ കുത്തി വീഴ്ത്തിയത് 250 ഓളം തെങ്ങുകളാണ്. 25 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കാട്ടാനകൾ വരുത്തിവെച്ചത്.
പത്തുവർഷം മുൻപുള്ള ആറളം ഫാമല്ല ഇന്നത്തേത്. നിറയെ കായിഫലമുള്ള തെങ്ങുകൾ നിറഞ്ഞ ഫാമിലിന്ന് അങ്ങിങ്ങായി കാണുന്ന തെങ്ങുകൾ മാത്രം. വനത്തിൽ നിന്ന് കടന്നുകൂടിയ കാട്ടാനകൾ ആറളം ഫാമിലി തെങ്ങിൻതോപ്പ് താവളം ആക്കി കഴിഞ്ഞു. ഓരോ ദിവസവും തെങ്ങുകൾ മറിച്ചിട്ട് നശിപ്പിക്കുന്നു. ഇതിനകം തന്നെ ആറളം ഫാമിന് 25 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കാട്ടാനകൾ വരുത്തിവെച്ചത്. ഈ ആഴ്ചയിൽ മാത്രം 250 ഓളം തെങ്ങുകളാണ് കുത്തി വീഴ്ത്തിയത്.
രണ്ട് ദിവസം കൊണ്ട് മാത്രം 50 തെങ്ങുകളാണ് തലങ്ങും വിലങ്ങും മറിച്ചിട്ടത്. ഒന്ന് രണ്ട് ബ്ലോക്കുകളിലാണ് കൂടുതലായും തെങ്ങുകൾ നശിപ്പിച്ചത്. പുനരധിവാസ മേഖലയിലെ താമസക്കാരുടെ വീട്ടുപറമ്പിലും തെങ്ങുകൾ ഉൾപ്പെടെയുള്ള കാർഷികവിളകൾ നശിപ്പിക്കുന്നതും പതിവാണ്.