കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ റൂഫിങ് അപകടാവസ്ഥയില്‍. നിരന്തരം പരാതി ഉയര്‍ന്നിട്ടും റൂഫിങ് നന്നാക്കാന്‍ ഇതുവരെ അധികൃതര്‍ നടപടിയെടുത്തില്ല. വാര്‍ത്തയായതോടെ ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നാണ് ഉത്തരവാദിത്തപ്പെട്ടവരുടെ മറുപടി.
ദിനേന നൂറുകണക്കിന് പേര്‍ വന്നുപോകുന്ന ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് അത്യാഹിതം സംഭവിച്ച നിലയാണ്. റൂഫ് തകര്‍ന്നുവീണാല്‍ അതിന് ഇരകളാകുന്നതും പാവം രോഗികളാകും. റൂഫിങ്ങിന് മുകളിലെ എ.സിയുടെ പൈപ്പിലെ ചോര്‍ച്ചയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് അധികൃതരുടെ മറുപടി. എളുപ്പത്തില്‍ പരിഹരിയ്ക്കാവുന്ന ചോര്‍ച്ച ഇപ്പോഴും തുടരുന്നു. എല്ലാം പൊളിഞ്ഞുവീഴുന്നത് വരെ കാക്കുകയാണോ നന്നാക്കാന്‍ എന്നാണ് ഉയരുന്ന ചോദ്യം.
വിഷയം ശ്രദ്ധയില്‍പെടുത്തിയതോടെ ഉടന്‍ പരിഹരിയ്ക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി. അല്ലെങ്കില്‍ ആശുപത്രിയിലെത്തുന്നവരെയും ജീവനക്കാരെയും ചികിത്സിയ്ക്കാന്‍ വേറെ ആശുപത്രി നോക്കേണ്ടിവരും.