സ്വര്‍ണത്തിന് ആരോടെങ്കിലും പ്രിയമുണ്ടെങ്കില്‍ അത് കണ്ണൂര്‍ ചെറുപുഴയിലെ ഒരു ടാക്സി ഡ്രൈവറോടാണെന്ന് പറയേണ്ടിവരും. ഡ്രൈവറായ പിഎം അലിയ്ക്ക് വഴിയില്‍ നിന്ന് ആഭരണങ്ങള്‍ വീണുകിട്ടിയത് ഓന്നോ രണ്ടോ തവണയല്ല, ഏഴു പ്രാവശ്യമാണ്. കിട്ടിയത് അരയില്‍ തിരുകാതെ സത്യസന്ധനായ അലി ആഭരണം യഥാര്‍ഥ ഉടമകള്‍ക്ക് ഓരോ തവണയും എത്തിച്ചുനല്‍കിയാണ് മാതൃകയായത്
തന്‍റേതല്ലാത്തതൊന്നും തനിയ്ക്ക് അര്‍ഹതപ്പെട്ടതല്ലെന്ന ബോധ്യമാണ് ഈ ടാക്സി ഡ്രൈവര്‍ക്ക്. ആദ്യം ചെറിയ തൂക്കം വരുന്ന ആഭരണങ്ങള്‍ ആയിരുന്നെങ്കില്‍ പിന്നീട് കിട്ടിയതൊക്കെ തൂക്കം കൂടിയവ. ആറും രണ്ടും പവനുള്ളവയെല്ലാം അതിലുണ്ടായിരുന്നു. അതിനിടയ്ക്ക് പറശ്സിനിക്കടവില്‍ നിന്ന് പതിനേഴര പവന്‍ സ്വര്‍ണം ലഭിച്ചു. അതിനൊപ്പം 27000 രൂപയും മൂന്ന് പാസ്പോര്‍ട്ടുകളും. അതെല്ലാം ഉടമയിലെത്തിച്ചു. ഇപ്പോള്‍ ഏഴാം തവണ ചെറുപുഴ ടൗണില്‍ നിന്ന് രണ്ട് പവന്‍ വളയാണ് വീണുകിട്ടിയത്. അലി അത് പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് അത് ഉടമയ്ക്കും. കുതിച്ചുപായുന്ന സ്വര്‍ണവിലയുടെ കാലത്ത് ഒന്നുപോലും കൈപ്പിടിയിലൊതുക്കണമെന്ന് അലിയ്ക്ക് തോന്നിയിട്ടില്ല.
അലിയുടെ സത്യസന്ധതയെ പ്രശംസിയ്ക്കുകയാണ് പൊലീസും നാട്ടുകാരും. സ്വര്‍ണത്തിന്‍റെ തിളക്കത്തേക്കാളേറെയുണ്ട് നന്മനിറഞ്ഞ മനസിന്. സത്യസന്ധതയാണ് ഈ ടാക്സി ഡ്രൈവര്‍ നല്‍കുന്ന സന്ദേശം.