മോഷണം പോയ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി "കണ്ണൂര്‍ സ്ക്വാഡ്". രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ വരെ എത്തിയ ഫോണുകളാണ് കണ്ണൂരിലെ പൊലീസ് സംഘം തേടി കണ്ടുപിടിച്ച് കൊണ്ടുവന്നത്. തിരിച്ചുകിട്ടില്ലെന്ന് കരുതിയ ഫോണുകള്‍ വീണ്ടും ലഭിച്ചപ്പോള്‍ ഉടമകള്‍ക്കും എന്തെന്നില്ലാത്ത സന്തോഷം.
ചക്കരക്കല്‍ സ്വദേശി ഫൗസിയക്ക് ഫോണ്‍ നഷ്ടമായത് ഓട്ടോ റിക്ഷാ യാത്രക്കിടെയാണ്. തിരഞ്ഞുപോയെങ്കിലും ഫോണിനെ കുറിച്ച് യാതൊരു അഡ്രസുമുണ്ടായില്ല. ഇങ്ങനെ പലവിധ കഥകള്‍ പറയാനുള്ളവരാണ് കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയത്. എല്ലാവരും വന്നത് കളഞ്ഞുപോയ മൊബൈല്‍ ഫോണ്‍ തിരികെവാങ്ങാന്‍. 33 ഫോണുകള്‍ ഉടമകള്‍ക്ക് പോറല്‍പോലുമേല്‍ക്കാതെ തിരികെയെത്തിച്ചു നല്‍കി കണ്ണൂര്‍ സ്ക്വാഡ്. ഫോണുകള്‍ കണ്ടെത്തിയത് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും, തമിഴ്നാട്, കര്‍ണാടക, യുപി, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുമാണെന്ന് പൊലീസ്.
കളഞ്ഞുപോതോ, മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ ആരും തിരിച്ചുകിട്ടുമെന്ന് കരുതിയതല്ല. പുതിയ ഫോണുകള്‍ വാങ്ങി മുന്നോട്ടുപോകുന്നതിനിടെയാണ് പഴയത് കണ്ടുപിടിച്ചെന്ന പൊലീസ് സന്ദേശം ഓരോരുത്തരിലേക്കുമെത്തുന്നത്. ഫൗസിയയെ പോലെ എല്ലാവര്‍ക്കും സന്തോഷനിമിഷം.
മുന്നൂറോളം ഫോണുകള്‍ നേരത്തെ കണ്ടെത്തി നല്‍കിയെന്നും പൊലീസ് വിശദീകരിച്ചു. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് പൊലീസില്‍ പരാതി നല്‍കണം. CEIR പോര്‍ട്ടലിലൂടെ IMEI നമ്പര്‍ നല്‍കിയാല്‍ ഫോണ്‍ ബ്ലോക്കാവുകയും സ്ഥലം കണ്ടുപിടിച്ച് ഫോണ്‍ എളുപ്പത്തില്‍ കണ്ടെത്താനാവുമെന്നും പൊലീസ് അറിയിച്ചു.