കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഖരമാലിന്യനീക്കത്തില്‍ വിവാദ കമ്പനിക്ക് തന്നെ കരാര്‍ പുതുക്കി നല്‍കി കോര്‍പ്പറേഷന്‍. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടെയാണ് റോയല്‍ വെസ്റ്റേണ്‍ പ്രോജക്ട് എന്ന കമ്പനിക്ക് തന്നെ കരാര്‍ നല്‍കിയത്. അഴിമതിയ്ക്കുള്ള പുതിയ കളമൊരുക്കുകയാണ് കോര്‍പ്പറേഷനെന്ന് സിപിഎം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് ടി.ഒ മോഹനന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായിരിക്കെ ക്രമവിരുദ്ധമായി കരാര്‍ നല്‍കിയെന്നും കണക്കില്‍ കൃത്രിമത്വം കാട്ടി 1.77 കോടി രൂപ കമ്പനിയ്ക്ക് അധികം നല്‍കിയെന്നുമുള്ള പരാതിയിയില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാദ കമ്പനിക്ക് തന്നെ കരാര്‍ നല്‍കിയത്. കമ്പനിയില്‍ നിന്ന് അഡീഷണല്‍ പെര്‍ഫോമന്‍സ് ഗാരന്‍റിയായി 3.73 കോടി രൂപ ഈടാക്കുമെന്ന വ്യവസ്ഥയിലാണ് കരാറെന്നാണ് കോര്‍പ്പറേഷന്‍ മറുപടി. പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയുള്ള നീക്കത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎം നേതാക്കള്‍ ചേലോറയിലെ ട്രെഞ്ചിങ് ഗ്രൗണ്ട് സന്ദര്‍ശിച്ചു. മാലിന്യനീക്കം നടന്നിട്ടില്ലെന്നും പകരം മാലിന്യങ്ങള്‍ക്ക് മേല്‍ മണ്ണിട്ട് മൂടുകയാണ് കോര്‍പ്പറേഷനെന്നും സിപിഎം ആരോപിച്ചു.
കരാര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും വിജിലന്‍സിനെ ബോധ്യപ്പെടുത്തുമെന്നുമാണ് സിപിഎം നിലപാട്. മുന്‍ മേയര്‍ ടി.ഒ മോഹനനെതിരെ ആരോപണം ഉന്നയിച്ച സംഭവത്തില്‍ കരാര്‍ പുതുക്കിക്കൊടുത്തതോടെ നിലവിലെ മേയര്‍ മുസ്ലിഹ് മഠത്തിലിന് പങ്കുണ്ടോയെന്നും സിപിഎം സംശയിക്കുകയാണ്.