ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായെങ്കിലും വയനാട് കൽപറ്റയിലെ 'സി.കെ. ഓംകാരനാഥൻ സ്പോർട്‌സ് കോംപ്ലക്സ്' കായികതാരങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല. കോടികൾ മുടക്കി നിർമിച്ച ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഇപ്പോൾ നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്.

മൂന്ന് മാസം മുമ്പ്, അതായത് ഫെബ്രുവരി 27-നായിരുന്നു കൽപറ്റയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകി അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാൻ ഈ സ്റ്റേഡിയം കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വലിയ വാഗ്ദാനങ്ങളാണ് മന്ത്രി ജില്ലയിലെ കായികതാരങ്ങൾക്ക് നൽകിയത്. അന്ന് ഉദ്ഘാടന വേദിയിൽ മന്ത്രി പറഞ്ഞത് ഇങ്ങനെ:

"അന്താരാഷ്ട്ര നിലവാരത്തില്‍ 42 കോടി രൂപ വിനിയോഗിച്ച് നിർമിച്ച ഈ സ്റ്റേഡിയത്തിൽ വലിയ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയും. 2030-ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജില്ലയിൽ നിന്നുള്ള മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ വിദഗ്ധ പരിശീലനം ഇവിടെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്."

അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനും 2030-ലെ കോമൺവെൽത്ത് ഗെയിംസിന് താരങ്ങളെ വാർത്തെടുക്കാനും ലക്ഷ്യമിട്ട സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ പക്ഷേ ദയനീയമാണ്. സ്റ്റേഡിയം കോംപ്ലക്സിന് നിലവിൽ യാതൊരു സുരക്ഷയുമില്ല. ആരും നോക്കാനില്ലാതെയായതോടെ ഈ നീന്തൽക്കുളങ്ങളിൽ കുളിക്കാനായി കുട്ടികൾ കൂട്ടത്തോടെ എത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസം അപകടകരമായ രീതിയിൽ കുട്ടികൾ കുളിക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിളിച്ചാണ് ഇവരെ ഇവിടെനിന്ന് ഒഴിപ്പിച്ചത്. കാലവർഷം ശക്തമായതോടെ നീന്തൽക്കുളങ്ങൾ നിലവിൽ മലിനജലം നിറഞ്ഞ് കവിഞ്ഞ നിലയിലാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നീന്തൽക്കുളങ്ങളാണ് ഇപ്പോൾ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. കോടികളുടെ പൊതുപണം ഇങ്ങനെ നശിക്കുമ്പോഴും അധികൃതർ തികഞ്ഞ മൗനത്തിലാണ്.