കോഴിക്കോട് ബേപ്പൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ കരാര്‍ ഡ്രൈവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. ഒരു മാസം ഓടേണ്ട കിലോമീറ്റര്‍ പരിധി പിന്നിട്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തിയിട്ടതിനാല്‍ ഉദ്യോഗസ്ഥര്‍ ശമ്പളം പിടിച്ചുവെച്ചിരിയ്ക്കുകയാണെന്നാണ് ഡ്രൈവര്‍ പ്രജിത്ത് കുമാറിന്‍റെ പരാതി. ഉദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്നും ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലെന്നും പ്രജിത്ത് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

പന്ത്രണ്ട് വര്‍ഷമായി പ്രജിത്ത് ബേപ്പൂര്‍ സെക്ഷന്‍ ഓഫീസില്‍ കരാര്‍ ഡ്രൈവറാണ്. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് കുടുംബം പട്ടിണിയാവുന്നത്. നാല് മാസമായി ശമ്പളം കിട്ടിയിട്ട്. പ്രതിമാസം മുപ്പതിനായിരം രൂപ ശമ്പളത്തില്‍ നിന്ന് ഇന്ധനത്തിനും അറ്റകുറ്റപ്പണിയ്ക്കും തുക മാറ്റിവെയ്ക്കണം. ഓരോ മാസവും പരമാവധി 1500 കി.മീ ഓടാമെന്നാണ് പ്രജിത്തുമായുള്ള കെഎസ്ഇബിയുടെ കരാര്‍. എന്നാല്‍ സംഭവിക്കുന്നതാകട്ടെ മറിച്ചും. നഷ്ടം സഹിച്ചാണ് അധികദൂരം ഓടുന്നത്. നഷ്ടം താങ്ങാനാവാതെ വന്നതോടെ പ്രജിത്ത് വാഹനം നിര്‍ത്തിയിട്ടു. ഇതോടെ തുടങ്ങി ശമ്പളം പിടിച്ചുവെച്ചുള്ള പ്രതികാരനടപടി.

പരാതിയുമായി പോയെങ്കിലും ഇതുവരെ ശമ്പളം അനുവദിക്കാന്‍ നടപടിയായിട്ടില്ല. ബില്ലില്‍ പ്രജിത്ത് ഒപ്പിടാത്തതുകൊണ്ടാണ് ശമ്പളം വൈകുന്നതെന്നാണ് കല്ലായി സബ് ഡിവിഷണല്‍ ഓഫീസ് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ വിശദീകരണം. എന്നാല്‍, കിലോമീറ്റര്‍ പരിധി കഴിഞ്ഞിട്ടും മുപ്പത് ദിവസം തികച്ചില്ല എന്നതിന്‍റെ പേരില്‍ ശമ്പളത്തുക വെട്ടിക്കുറച്ചതുകൊണ്ടാണ് ഒപ്പിടാത്തതെന്നാണ് പ്രജിത്തിന്‍റെ മറുപടി. ജോലിയില്‍ നിന്ന് പിരിച്ചുവിടാനാണ് സെക്ഷന്‍ ഓഫീസിലെ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.