വനവിഭവങ്ങൾ കെട്ടിക്കിടക്കുന്നു; പാസ് നിഷേധിച്ച് വനംവകുപ്പ്; ലക്ഷങ്ങളുടെ നഷ്ടം

വനംവകുപ്പിന്‍റെ കടുംപിടുത്തം കാരണം ആദിവാസികൾ ശേഖരിച്ച് വനവിഭവങ്ങൾ കയറ്റി അയയ്ക്കാൻ ആകാതെ പ്രതിസന്ധിയിലായി വയനാട്ടിലെ സഹകരണ സംഘം. ആയുർവേദ മരുന്നു നിർമാതാക്കൾക്ക് അസംസ്കൃതവസ്തുക്കൾ എത്തിച്ചു നൽകുന്ന കല്ലൂർ പട്ടികവർഗ സർവീസ് സഹകരണ സംഘത്തിന്റെ കൈവശമാണ് ലക്ഷങ്ങൾ വിലയുള്ള ടൺ കണക്കിന് വനവിഭവങ്ങൾ കെട്ടിക്കിടക്കുന്നത്.

ഔഷധമൂല്യമുള്ള ചുണ്ടയും കുറന്തോട്ടിയുമടക്കം 40 ലക്ഷത്തിലധികം രൂപയുടെ വനവിഭവങ്ങളാണ് ഒരു വർഷത്തോളമായി കെട്ടിക്കിടക്കുന്നത്. ആദിവാസികൾക്ക് വരുമാനം കണ്ടെത്താൻ സഹായകരമായിരുന്ന സഹകരണ സംഘത്തിന്റെ പദ്ധതിയാണ് വനംവകുപ്പ് പാസ്സ് നൽകാത്തത് കാരണം മുടങ്ങിയിരിക്കുന്നത്. ലക്ഷങ്ങൾ മൂല്യം വരുന്ന വനവിഭവങ്ങൾ നശിച്ചുപോകുന്ന സാഹചര്യമാണ് നിലവിൽ.

വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ വനവിഭവ മേഖല കമ്മറ്റികളുടെ തീരുമാനപ്രകാരം വനവിഭവങ്ങൾ ശേഖരിക്കാനും സംസ്‌കരിക്കാനും വിപണനം നടത്താനും സൊസൈറ്റിക്ക് അവാകശമുണ്ട്. ഇതുപ്രകാരം മുൻവർഷങ്ങളിൽ വനവിഭവങ്ങൾ സംഭരിക്കുകയും കയറ്റി അയക്കുകയും ചെയ്തിരുന്നു. രണ്ടു വർഷങ്ങൾക്കിടെ വനം വകുപ്പിന് ലഭിച്ച വ്യാജ പരാതികളുടെ അടിസ്ഥാനത്തിലാണ് നിലവിൽ പാസ് നിഷേധിക്കുന്നതെന്നാണ് ഭാരവാഹികൾ പറയുന്നത്. വനംമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തിൽ ആദിവാസികളെ കൂട്ടി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സഹകരണ സംഘം.

Forest resources exportation in Wayanad faces crisis.