കാല്‍നടക്ക് പോലും അനുയോജ്യമല്ലാത്ത റോഡ്; തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ നാട്ടുകാര്‍

വയനാട് പനമരം പുളിക്കലില്‍ റോഡിന്‍റെ ദുരിതാവസ്ഥയില്‍ സഹികെട്ടിരിക്കുകയാണ് ഒരു കൂട്ടം നാട്ടുകാര്‍. പുളിക്കല്‍ കോളനി, കൂടോത്തുമ്മല്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന്‍റെ നിര്‍മാണം വര്‍ഷങ്ങള്‍ക്കിപ്പുറവും ആരംഭിക്കാത്തതിനാല്‍ വോട്ട് ബഹിഷ്കരിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

പുളിക്കലില്‍ നിന്ന് കൂടോത്തുമ്മലിലേക്കുള്ള ഈ വഴിയില്‍ 25ഓളം കുടുംബങ്ങളാണുള്ളത്. തകര്‍ന്ന റോഡിന്‍റെ നിര്‍മാണത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും എല്ലാം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. മഴക്കാലമായാല്‍ നടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ റോഡിന്‍റെ അവസ്ഥ മോശമാകും. ദുരിതം ഏറെയും രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്.

റീബിള്‍ഡ് കേരള വഴി രണ്ട് കോടി ഇരുപത് ലക്ഷം രൂപയുടെ പദ്ധതി തയാറായെങ്കിലും പണി തുടങ്ങിയിട്ടില്ല. നാട്ടുകാരുടെ ദുരവസ്ഥ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പെടാനാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നതെന്ന് നാട്ടുകാര്‍. മഴക്കാലത്തിനു മുന്‍പ് റോഡ് പണി പൂര്‍ത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.