നഗരസഭയുടെ ബില്ലുകൾ തടഞ്ഞുവച്ചു; സർക്കാർ പ്രതിസന്ധി സൃഷ്ടിക്കുന്നു; പരാതി

നഗരസഭയുടെ ബില്ലുകൾ തടഞ്ഞുവച്ച് സർക്കാർ പ്രതിസന്ധി സൃഷ്ടിക്കുന്നതായി യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭ ഭരണസമിതി. കഴിഞ്ഞ സാമ്പത്തിക വർഷം ലഭിക്കേണ്ട ഒരു കോടി രൂപയുടെ ബില്ലുകൾ തടഞ്ഞു വെച്ച് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം. സബ് ട്രഷറിക്ക് മുന്നില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ പ്രതിഷേധിച്ചു. 

മാർച്ച് 23 മുതൽ 27 വരെ ട്രഷറിയിൽ നല്‍കിയ ഒരു കോടിയിലധികം രൂപയുടെ ബില്ലുകളാണ് തിരിച്ചയച്ചത്. ബില്ലുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കരാറുകാരും, നിർവഹണ ഉദ്യോഗസ്ഥരുമാണ് ഇതോടെ വെട്ടിലായത്. മടക്കിയ ബില്ലിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം കോടുക്കേണ്ട എഴുപത് ലക്ഷത്തോളം രൂപയുമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പ്രതിഷേധവുമായി സബ് ട്രഷറി ഓഫീസിലെത്തിയത്.

ചെയർമാന്റെ നേതൃത്വത്തിലുള്ള നഗരസഭാഗംങ്ങൾ ട്രഷറി ഓഫീസർ വി എം പ്രദീപുമായി ചർച്ച നടത്തി. എന്നാൽ ഇരുപത്തി രണ്ടാം തിയതി വരെ ലഭിച്ച ബില്ലുകളെല്ലാം അനുവദിച്ചിട്ടുണ്ടെന്നും പിന്നീട് വന്ന ബില്ലുകളാണ് തിരിച്ചയച്ചതെന്നും ട്രഷറി ഓഫീസർ പറഞ്ഞു. നിലവിൽ ഫണ്ട് നല്‍കുന്നതിൽ തടസമില്ലെന്നും അനുവദിക്കപ്പെട്ട ബില്ലുകൾ ഈ മാസം ഹാജരാക്കുന്ന മുറയ്ക്ക് ഫണ്ടനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.