വേനലില്‍ തടയണയില്‍ നിന്ന് വെള്ളം തുറന്നുവിട്ട് സാമൂഹിക വിരുദ്ധര്‍; ക്യാമറയും വെളിച്ചവും ഉറപ്പാക്കും

കത്തുന്ന വേനലിലും ജലസമൃദ്ധമായിരുന്ന ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്ന തടയണയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം തടയാൻ അടിയന്തര നടപടികളുമായി ജല അതോറിറ്റി. ഷട്ടറുകൾ അഴിച്ചുമാറ്റി തടയണ തുറന്നു വിട്ടതോടെ ജലനിരപ്പ് പകുതിയായി കുറഞ്ഞതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചു. രാത്രിയുടെ മറവില്‍ വെള്ളം തുറന്ന് വിട്ടവരെ കണ്ടെത്താന്‍ പൊലീസും ശ്രമം തുടങ്ങി.   തടയണയ്ക്കു മുകളിലേക്കു പ്രവേശനം വിലക്കി ഇരുവശങ്ങളിലും സുരക്ഷാവേലി കെട്ടും. നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ആവശ്യത്തിനു ലൈറ്റുകളും വൈകാതെ തെളിയും. രാത്രികാലങ്ങളിലെ സുരക്ഷാ ജീവനക്കാരൻ ചുമതലയേറ്റു. മറ്റ് ക്രമീകരണങ്ങൾ ഉടൻ നടപ്പാക്കും

കഴിഞ്ഞ ദിവസങ്ങളിലാണു രണ്ട് ഷട്ടറുകൾ തുറക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു ഷട്ടർ അഴിച്ചുമാറ്റിയ നിലയിലും മറ്റൊന്ന് വെള്ളത്തിലേക്കു തള്ളിയ നിലയിലുമായിരുന്നു. തുറന്നുവയ്ക്കപ്പെട്ട ഷട്ടറുകൾ വഴി വെള്ളം വൻതോതിൽ ഒഴുകിപ്പോയി. ഇതോടെ തടയണയിലെ വെള്ളം പരമാവധി സംഭരണ ശേഷിയുടെ പകുതിയായി കുറഞ്ഞിരുന്നു. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസാണു ഭാരതപ്പുഴയിലെ മീറ്റ്ന തടയണ. ഇതിനു പുറമേ, വരൾച്ച സമാനമായ സാഹചര്യം നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതും മീറ്റ്ന തടയണയിൽ നിന്നാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനം തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നു വിലയിരുത്തിയാണു ജല അതോറിറ്റിയുടെ സുരക്ഷാ ക്രമീകരണം.