വയനാട് ചുള്ളിയോട് മാലിന്യശേഖരണ കേന്ദ്രത്തിലെ തീപിടുത്തം; ആരോപണ പ്രത്യാരോപണവുമായി പ്രതിപക്ഷവും ഭരണപക്ഷവും

വയനാട് ചുള്ളിയോട് ഒരാളുടെ മരണത്തിന് കാരണമായ മാലിന്യശേഖരണ കേന്ദ്രത്തിലെ തീപിടുത്തത്തില്‍ ആരോപണ പ്രത്യാരോപണവുമായി പ്രതിപക്ഷവും ഭരണപക്ഷവും. മാലിന്യശേഖരണം മറ്റൊരു കമ്പനിക്ക് നല്‍കി കമ്മീഷന്‍ തട്ടാനാണ് പഞ്ചായത്തിന്‍റെ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. തീപിടുത്തം ആസൂത്രിതമെന്നും മരണത്തില്‍ തദ്ദേശവകുപ്പ് മന്ത്രിക്കും പങ്കുണ്ടെന്നുമാണ് യുഡിഎഫിന്റെ വാദം.

ഹരിതകര്‍മ സേന ശേഖരിക്കുന്ന മാലിന്യം മാസങ്ങളോളം ചുള്ളിയോട് കൂട്ടിയിട്ടിരുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. മാലിന്യങ്ങള്‍ക്ക് തീ പിടിച്ചതും ഒരാളുടെ മരണത്തിന് ഇടയാക്കിയതും പഞ്ചായത്തിന്‍റെ കടുത്ത അനാസ്ഥയുടെ തെളിവാണെന്നാണ് സി.പി.എം. നിലപാട്. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ക്ലീന്‍ കേരള കമ്പനിയില്‍ നിന്നും മാലിന്യശേഖരണത്തിനുള്ള കരാന്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിലും ക്രമക്കേടുണ്ടെന്നാണ് സി.പി.എം. ആരോപണം.

മാലിന്യത്തിന് തീപിടിച്ചതില്‍ ഗൂഢാലോചന ഉണ്ടെന്നാണ് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്‍റെ ആരോപണം. കൃത്യമായി മാലിന്യം ശേഖരിക്കാത്തതാണ് ക്ലീന്‍ കേരള കമ്പനിയെ മാറ്റാന്‍ കാരണമെന്നും സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയതിനു പിന്നാലെ തീപിടുത്തം ഉണ്ടായതില്‍ അന്വേഷണം വേണമെന്നുമാണ് പഞ്ചായത്തിന്‍റെ നിലപാട്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സ്റ്റാറ്റസുകളിലും ഭരണ പ്രതിപക്ഷ ആരോപണങ്ങളാണ് ചൂടുപിടിച്ച ചര്‍ച്ചാവിഷയം.