പുറംലോകവുമായി ബന്ധപ്പെടാനും തടസം; കാട്ടാനകൾ മാത്രമല്ല കാഞ്ഞിരവേലിക്കാരുടെ പ്രശ്നം

അടിക്കടി ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകൾ മാത്രമല്ല ഇടുക്കി കാഞ്ഞിരവേലിക്കാരുടെ പ്രശ്നം. പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ പെരിയാറിന് കുറുകെ നിർമിച്ച പാലം തകർച്ചയുടെ വക്കിലാണ്. പാലം പുനർനിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട് 

പ്രളയകാലത്ത് കാഞ്ഞിരവേലിക്കാർക്ക് തുണയായത് ഈ തൂക്കുപാലമാണ്. പ്രദേശത്തെക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ വാഹനങ്ങൾ പലതും ഇവിടേക്ക് വരാറില്ല. കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് പുറം ലോകത്തെത്താനുള്ള സുരക്ഷിത മാർഗമായിരുന്നു പാലം. എന്നാലിപ്പോൾ അറ്റകുറ്റപ്പണികൾ നടക്കാതായതോടെ പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് കാഞ്ഞിരവേലിക്കാരുടെ യാത്ര 

ഒരു കോടി രൂപ ചെലവിൽ 2010 ലാണ് 200 മീറ്റർ നീളത്തിൽ പാലം പണിതത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഉദ്ഘാടനം നടന്നില്ല. പാലം നന്നാക്കാൻ രേഖകളില്ലെന്ന് പറഞ്ഞു അധികൃതർ തലയൂരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം 

രണ്ട് ആദിവാസി കുടികളുൾപ്പടെ അഞ്ഞൂറോളം കുടുംബങ്ങളാണ് കാഞ്ഞിരവേലിയിലുള്ളത്. വന്യജീവി ശല്യവും വികസന മുരടിപ്പും മൂലം നൂറോളം കുടുംബങ്ങൾ പടിയിറങ്ങി. പാലത്തിന്റെ കാര്യത്തിലെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവശേഷിക്കുന്ന കുടുംബങ്ങൾ