അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നു; ഗിരീശന് കരുത്തായി ചങ്ങാതിക്കൂട്ടം

അപകടത്തിൽ ശരീരത്തിന്‍റെ  അരയ്ക്ക് താഴെ തളർന്ന സുഹൃത്തിന് ഉപജീവനമാർഗമൊരുക്കി സൗഹൃദ കൂട്ടായ്മ. കാസർകോട് പൊയിനാച്ചി സ്വദേശി ഗിരീശന് വേണ്ടിയാണ് വോളി ഫ്രണ്ട്സ് എന്ന സൗഹൃദ കൂട്ടായ്മ ഒരുമിച്ചത്. 

ഈ സുഹൃത്തുക്കളാണ് ഗിരീശന്‍റെ കരുത്ത്. വീണുപോയിടത്തു നിന്ന് താങ്ങിയെടുത്ത് നെഞ്ചോട് ചേർത്തവർ. വീട്ടിലെ ഇരുണ്ട മുറിയിൽ ഒതുങ്ങിക്കൂടേണ്ട ഗിരീശന്റെ ജീവിതത്തിന് പുതുവെളിച്ചമേകി. ഇപ്പോഴിതാ തട്ടുകടയിലൂടെ വരുമാന മാർഗവും കണ്ടെത്തിക്കൊടുത്തു. എല്ലാ അവധി ദിവസങ്ങളിലും കൂട്ടുകാർ ഒന്നിച്ചു കൂടും, കവിത ചൊല്ലും വിശേഷങ്ങൾ പങ്കുവയ്ക്കും.

 ഏഴുവർഷം മുൻപ് ഉണ്ടായ അപകടത്തിലാണ് ക്ഷതമേറ്റ് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടത്. കൂട്ടുകാരും നാട്ടുകാരും ചേർന്നാണ് ചികിത്സയ്ക്ക് പണം കണ്ടെത്തിയത്. ഗിരീശന്‍റെ എന്താവശ്യത്തിനും ഇവർ വിളിപ്പുറത്തുണ്ട്.ഫുട്ബോൾ ടൂർണ്ണമെന്‍റ് സംഘടിപ്പിച്ചാണ് കട തുടങ്ങാൻ പണം കണ്ടെത്തിയത്. ഗിരീശൻ എഴുന്നേറ്റ് നടക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഈ ചങ്ങാതിക്കൂട്ടം.