കോഴിക്കോട് കൂരാച്ചുണ്ടില്‍ കാട്ടുപോത്തിറങ്ങിയതോടെ സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവും കരിയാത്തുംപാറയും അനിശ്ചിതകാലത്തേക്ക് അടച്ചു. കൂരാച്ചുണ്ട് സെന്‍റ് തോമസ് യു.പി.സ്കൂളിന് കലക്ടര്‍ ഇന്ന് അവധി നല്‌കി. പുലര്‍ച്ചെ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടിലേക്ക് തുരത്തിയത്. ഇന്നലെ രാത്രിയാണ് കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങിയത്. റോഡില്‍വച്ച് നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാട്ടുപോത്ത് സമീപത്തെ വീട്ടുവളപ്പിലേക്ക് കയറി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗേറ്റടച്ചെങ്കിലും മതില്‍ചാടിക്കടന്ന് വീണ്ടും റോഡിലിറങ്ങി. കാട്ടുപോത്ത് പെരുവണ്ണാമൂഴി വനമേഖലയില്‍നിന്ന് വന്നതാകാമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
തുരത്താനുള്ള ശ്രമത്തിനിടയില്‍ കാട്ടുപോത്ത് സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ തോണിക്കടവിലേക്ക് കടന്നു. ഇതോടെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കേന്ദ്രം അടച്ചിടാന്‍ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ നിര്‍ദേശം നല്‍കിയത്. കാട്ടുപോത്ത് പൂര്‍ണമായും നിരീക്ഷണത്തിലാണെന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഭീതിയൊഴിയുന്നതോടെ മാത്രമെ ടൂറിസം കേന്ദ്രം തുറക്കുന്നതില്‍ തീരുമാനമെടുക്കു. കഴിഞ്ഞ മാസം കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലും കാട്ടുപോത്തിറങ്ങിയിരുന്നു.
authorities close trousit centers in koorachund amid wild buffalo threat