കോണ്‍ക്രീറ്റ് പണികള്‍; കുതിരാന്‍ തുരങ്കങ്ങളിലൊന്ന് താല്‍ക്കാലികമായി അടച്ചു

തൃശൂര്‍ കുതിരാന്‍ തുരങ്കങ്ങളിലൊന്ന് താല്‍ക്കാലികമായി അടച്ചു. മേല്‍ഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടിയാണ് തുരങ്കം താല്‍ക്കാലികമായി അടച്ചത്. നാലുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനി.

പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്കു വരുന്ന കുതിരാന്‍ തുരങ്കമാണ് അടച്ചത്. നാലുമാസത്തിനകം കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കുമെന്ന് കെ.എം.സി. കമ്പനി അധികൃതര്‍ പറഞ്ഞു. വാഹനങ്ങളുടെ തിരക്ക് കൂടിയാല്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്നുണ്ട്. വണ്ടികള്‍ തകരാറിലായാലും കുരുക്ക് രൂക്ഷമാകും. ഒരു തുരങ്കത്തിലൂടെയാണ് രണ്ടു വരി ഗതാഗതം ഏര്‍പ്പെടുത്തിയത്. തുരങ്കത്തിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ഇപ്പോള്‍ അടയ്ക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അറ്റക്കുറ്റപ്പണി നടക്കുന്ന തുരങ്കത്തില്‍ ചോര്‍ച്ച പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ, ചോര്‍ച്ച കണ്ടെത്തിയ ഭാഗത്തു മാത്രം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇപ്പോഴത്, പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നാലു മാസത്തിനുള്ളില്‍ പണി തീര്‍ക്കുമെന്ന കരാര്‍ കമ്പനിയുടെ ഉറപ്പില്‍ നാട്ടുകാര്‍ക്ക് വിശ്വാസമില്ല. അടുത്ത മഴയ്ക്കു മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ ദേശീയപാത അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

one of the kuthiran tunnels was temporarily closed