TAGS

വയനാട് പുല്‍പ്പള്ളില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ ഒരേ കടയില്‍ മോഷണം. സീതാമൗണ്ട് സ്വദേശി ജോയ് മൂര്‍പ്പനാട്ടിന്‍റെ കടകളിലാണ് കള്ളന്‍ വൈര്യാഗബുദ്ധിയോടെ അടിക്കടി കയറുന്നത്.

പ്രധാന പാതയോരത്തുള്ള സ്റ്റേഷനറി കട. അതിനോട് ചേര്‍ന്ന നേഴ്സറി. ജോയ്ച്ചേട്ടന്‍റെ വരുമാനമാര്‍ഗങ്ങളാണ് ഇവ. ഇവിടെയാണ് കള്ളന്‍ തുടര്‍ച്ചയായി കയറുന്നത്. ആദ്യം കയറിയത് എഴാം തിയതി. അന്ന് നേഴ്സറിയില്‍ നിന്ന് നാലായിരം രൂപ വിലവരുന്ന അലങ്കാരമല്‍സ്യങ്ങള്‍ മോഷ്ട്ടിച്ചു. പിന്നീട് എത്തുന്നത് പതിനാലാം തിയതി. പുറകിലെ വാതില്‍ നശിപ്പിച്ച് സ്റ്റേഷനറി കടയിലെത്തിയ കള്ളന്‍ നാലായിരം രൂപയുടെ ചില്ലറയും സിഗററ്റും മിഠായിയും മെഴുകുതിരിയുമൊക്കെ കൈക്കലാക്കി. അവസാനം എത്തിയത് കഴിഞ്ഞ പത്തോന്‍പതിന്. വീണ്ടും സ്റ്റേഷനറി കടയിലെത്തിയ കള്ളന്‍ സി.സി.ടി.വി. ഓഫ് ചെയ്താണ് ഇത്തവണ മോഷണം നടത്തിയത്. തുടരെ തുടരെ കള്ളന്‍ കയറുന്നതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജോയ്ച്ചേട്ടന്‍.

വ്യക്തിവൈരാഗ്യമാണ് തന്‍റെ സ്ഥാപനത്തില്‍ ആവര്‍ത്തിച്ചുള്ള മോഷണങ്ങള്‍ക്ക് കാരണമെന്നാണ് ജോയ്ച്ചേട്ടന്‍ പറയുന്നത്. ജോലിസംബന്ധമായി നിലനിന്നിരുന്ന തര്‍ക്കങ്ങളും സംശയം ബലപ്പെടുത്തുന്നു. മൂന്ന് സംഭവങ്ങളില് നിന്നായി ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പുല്‍പ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.