TAGS

 കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ടും വൈക്കോലും കൊണ്ടുവരുന്നതിന് അപ്രതീക്ഷിത നിരോധനം ഏര്‍പ്പെടുത്തി അതിര്‍ത്തി ജില്ലാ അധികാരികള്‍. കര്‍ണാടകത്തിലെ വരള്‍ച്ചബാധിത ജില്ലകളില്‍ നിന്ന് ഇവ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് നിര്‍ദേശം പ്രതിസന്ധിയിലാക്കിയത് വയനാട്ടിലെ ക്ഷീരകര്‍ഷകരെയാണ്.

കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ നിന്ന് ദിവസവും നിരവധി ലോഡ് ചോളത്തണ്ടാണ് അതിര്‍ത്തി കടന്ന് വയനാട്ടിലെത്തിയിരുന്നത്. പാലിന്‍റെ അളവും കൊഴുപ്പും കൂടുമെന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ക്കിടയില്‍ ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. കഴിഞ്ഞ ദിവസം ചോളത്തണ്ടുമായി എത്തിയ വാഹനങ്ങള്‍ കര്‍ണാടക ചെക്പോസ്റ്റുകളില്‍ അധികൃതര്‍ തടഞ്ഞു. നിരോധനം ഏര്‍പ്പെടുത്തിയെന്നും വരും ദിവസങ്ങളില്‍ ചോളത്തണ്ടുമായി എത്തിയാല്‍ വലിയ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടെ ലോഡ് കൊണ്ടുവന്നിരുന്ന വണ്ടിക്കാരും പ്രതിസന്ധിയിലായി.

ചോളത്തണ്ടിനു പുറമെ വൈക്കോലിനും കര്‍ണാടക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരള്‍ച്ചബാധിത ജില്ലകളായ മൈസുരു, ചാമരാജനഗര്‍ എന്നിവിടങ്ങളില്‍ പച്ചപുല്ലിനു ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ കര്‍ണാടക ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വൈക്കോലും ചോളത്തണ്ടും കിട്ടാതാവുന്നതോടെ ജില്ലയിലെ ക്ഷീരമേഖല നേരിടാന്‍പോകുന്നത് കടുത്ത പ്രതിസന്ധിയാണ്.