TAGS

കോഴിക്കോട് നാദാപുരം കമ്പിളിപ്പാറ മലയിലെ ഖനനം നാട്ടുകാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചൊന്നുമല്ല. പലരുടെയും വീടുകള്‍ക്ക് വിള്ളല്‍ വീണതടക്കം സ്വസ്ഥജീവിതത്തെ വരെ ബാധിച്ചു. പാറ പൊട്ടിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും പുനരാരംഭിച്ചാല്‍ കടുത്ത പ്രതിഷേധത്തിനാണ് നാട്ടുകാരുടെ തീരുമാനം.

വാണിമേല്‍ പഞ്ചായത്തിലെ പരിസ്ഥിതി ലോല പ്രദേശമായ കമ്പിളിപ്പാറ മലയ്ക്ക് സമീപം ആദിവാസികളുടേതടക്കം നിരവധി കുടുംബങ്ങളുണ്ട്. ക്വാറി ഉടമകള്‍ യന്ത്രങ്ങളുപയോഗിച്ച് പാറ പൊട്ടിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇവര്‍ക്ക് നെഞ്ചില്‍ തീയാണ്.  ഖനനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കുന്നത് വീടുകളുടെ ചുമരുകളില്‍ വിള്ളലുകളുടെയും മണ്ണില്‍ ഗര്‍ത്തങ്ങളുടെയും രൂപത്തില്‍. പാറയുടെ പൊടി വീണ് കഞ്ഞികുടി മുട്ടിയവര്‍ വരെയുണ്ട് ഇവിടെ. അത്രമേല്‍ ദുരിതം തിന്നാന്‍ തുടങ്ങിയപ്പോഴാണ് സമരമാര്‍ഗം നാട്ടുകാര്‍ തിരഞ്ഞെടുത്തത്. 

യന്ത്രസഹായമില്ലാതെ ഖനനം നടത്താനാണ് വാണിമേല്‍ പഞ്ചായത്ത് ക്വാറിക്ക് അനുമതി കൊടുത്തിരുന്നത്. ഇത് ലംഘിച്ചായിരുന്നു ജോലികള്‍. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനം പഞ്ചായത്ത് ഇടപെട്ട് തടഞ്ഞ നിലയിലാണിപ്പോള്‍. ക്വാറിക്കെതിരെ പ്രതിഷേധിച്ചവരെ വളയം പൊലീസ് കൈയ്യേറ്റം ചെയ്തതും വലിയ എതിര്‍പ്പിനിടയാക്കിയിരുന്നു

Stone mining at Kozhikode Nadapuram