TAGS

കൽപാത്തി രഥോൽസവത്തിന് തുടക്കമിട്ട് ക്ഷേത്രങ്ങളിൽ കൊടിയേറ്റ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഉള്‍പ്പെടെ നാലിടങ്ങളിലാണ് കൊടിയേറ്റ് നടന്നത്. ഈമാസം പതിനാലിന് ഒന്നാം തേരുല്‍സവവും പതിനാറിന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദേവരഥ സംഗമവും നടക്കും. 

ആണ്ടോടാണ്ട് ആകുലതകൾ നീക്കി ഐശ്വര്യം നിറയ്ക്കാനുള്ള പ്രാർഥന. വിശ്വാസവും ഐതീഹ്യവും സമാസമം ചേരുന്ന കൽപാത്തി പുഴയോരത്തെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ശുഭാരംഭം. മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൽപാത്തിയുടെ അഗ്രഹാരങ്ങളിൽ രഥോൽസവ തേര് ഉരുളുന്നതിന്റെ ആരവം മാത്രം. തലമുറ തലമുറ കൈമാറി വരുന്ന വിശ്വാസ, വൈവിധ്യ കാഴ്ചകൾക്ക് തുടക്കമായി. 

പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറി. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നിരവധിപേരാണ് കൊടിയേറ്റ് ചടങ്ങിന് എത്തിയിരുന്നത്. പതിനാലിനാണ് ഒന്നാം തേരുല്‍സവം. പതിനഞ്ചിന് രണ്ടാം തേരുല്‍വസം ആഘോഷിക്കും. പതിനാറിന് വൈകുന്നേരമാണ് ദേവരഥസംഗമം. ദേശങ്ങള്‍ക്കപ്പുറം കടലും കടന്ന് നിരവധിയാളുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ കല്‍പാത്തി ലക്ഷ്യമാക്കി നീങ്ങും. ആള്‍ക്കൂട്ടത്തിലലിഞ്ഞ് ദേവരഥങ്ങള്‍ ഉരുളും വഴിയിലൂടെ നടന്നേറാന്‍.