TAGS

വയനാട് വെള്ളമുണ്ടയില്‍ സര്‍ക്കാര്‍ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് മരണമടഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരെ വീട്ടുമുറ്റത്ത് അടക്കേണ്ട സ്ഥിതിയാണ്. പിന്തുടര്‍ന്ന് വന്ന രീതീകളും വിശ്വാസങ്ങളും നിവര്‍ത്തികേടിന്‍റെ പുറത്ത് മാറ്റിവെച്ചാണ് മരണമടഞ്ഞവരെ ഇവര്‍ വീട്ടുമുറ്റത്ത് അടക്കുന്നത്. ശ്മശാനം  ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രളയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട പഞ്ചായത്തിലെ വീടില്ലാത്ത ആദിവാസികള്‍ക്കായി നിര്‍മിച്ച സെറ്റില്‍മെന്‍റാണ് ഉന്നതി. 2018ല്‍ ഏറ്റെടുത്ത നാലര ഏക്കര്‍ ഭൂമിയില്‍ 38 വീടുകള്‍ നിര്‍മിച്ചു. എട്ട് മാസം മുന്‍പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉന്നതി ഉദ്ഘാടനം ചെയ്ത് വീടുകള്‍ അര്‍ഹരായ ആദിവാസികള്‍ക്ക് കൈമാറി. റോഡ്, കുടിവെള്ളം, കമ്മ്യൂണിറ്റി സെന്‍റര്‍, സ്ട്രീറ്റ് ലൈറ്റ്, ശ്മശാനം  തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉടനടി ഉറപ്പാക്കുമെന്ന് വാക്കുനല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടൊന്നും സംഭവിച്ചില്ല. ഇതിനിടെ ഉന്നതിയില്‍ മരണമടഞ്ഞവരെ എവിടെ സംസ്കരിക്കുമെന്ന പ്രതിസന്ധിയാണ് താമസക്കാരെ ഏറെ വലച്ചത്.

മരിച്ചവരെ വീട്ടുമുറ്റത്ത് അടക്കുന്നത് വിശ്വാസങ്ങള്‍ക്ക് എതിരായതിനാല്‍ ഏതാനും കുടുംബങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് ഉന്നതിയിലുള്ളവര്‍ പറയുന്നു. സ്മശാനം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പദ്ധതി നടത്തിപ്പ് തങ്ങള്‍ക്കല്ലെന്ന് പറഞ്ഞൊഴിയുകയാണ് അധികൃതര്‍. ആദിവാസി സമൂഹത്തിന്‍റെ പുനരുദ്ധാരണത്തിനുള്ള പദ്ധതി അട്ടിമറിക്കുന്നതില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം