വയനാട് അമ്പലവയലിനു സമീപം ജനവാസമേഖലയില്‍ പാറ ഖനനത്തിന് അനുമതി നല്‍കിയെന്ന് പരാതി. ജനങ്ങളുടെ ഭാഗം കേള്‍ക്കാതെ വയലുകളും നീര്‍ചാലുകളുമുള്ള പ്രദേശത്ത് ഖനനത്തിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധം തുടങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

പുറക്കാടി വില്ലേജിലെ അമ്മായികവലയില്‍ മൂന്ന് കുന്നുകളുടെ സംഗമസ്ഥലത്താണ് ഖനനത്തിനുള്ള നടപടികള്‍ തുടങ്ങിയത്. അനുമതി ലഭിച്ച സ്വകാര്യ കമ്പനി പ്രദേശം അളന്ന് കുറ്റിയടിക്കുന്ന നടപടികള്‍ ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ജനവാസ മേഖലയില്‍ പാറ ഖനനം തുടങ്ങിയാല്‍ കുടിവെള്ളക്ഷാമം ഉള്‍പ്പടെയുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

മൂന്ന് കുന്നുകളും അതിനോട് ചേര്‍ന്നുള്ള ചതുപ്പ് നിലങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത് ഖനനം തുടങ്ങിയാല്‍ കബനിയിലേക്കുള്ള നീരൊഴുക്കിനെ ബാധിക്കുമെന്നാണ് പരിസ്ഥിരി പ്രവര്‍ത്തകരുടെ ആശങ്ക. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂമിക്കടിയിലുള്ള പാറ ഖനനം ചെയ്യാനാണ് അമ്മായിക്കുന്നിലെ നീക്കം. ഇത് സമീപ പഞ്ചായത്തുകളില്‍ ഉള്‍പ്പടെ കുടിവെള്ള പ്രശ്നത്തിനും കൃഷിനാശത്തനും കാരണമാകുമെന്നുമാണ് നാട്ടുകാരുടെ പരാതി. ലൈസന്‍സ് ഉള്‍പ്പടെയുള്ള അനുമതികള്‍ പിന്‍വലിച്ച് പദ്ധതി ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Permission for rock mining in residential areas; protest in Wayanad