ചരക്കു നീക്കത്തിനായി വിമാന സർവീസുകൾ തുടങ്ങാനൊരുങ്ങി കണ്ണൂർ വിമാനത്താവളം

ചരക്കു നീക്കത്തിനു മാത്രമായി കണ്ണൂർ വിമാനത്താവളം വഴി വിമാന സർവീസുകൾ തുടങ്ങുന്നു. കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ണൂരിൽ നിന്ന് എയർ കാർഗോ ഫ്രൈറ്റർ സർവീസ് നടത്തുക. ഈ മാസം 17 ന് വൈകിട്ട് ഷാർജയിലേക്കാണ് ആദ്യ വിമാനം.

18 ടൺ ചരക്ക് കൊണ്ടുപോകാൻ കഴിയുന്ന ബോയിങ്ങ് വിമാനമാണ് സർവീസിനു ഉപയോഗിക്കുക. ഗൾഫ് നാടുകളിൽ ഓണം ആഘോഷിക്കുന്നതിന് ആവശ്യമായ പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വാഴയിലകൾ തുടങ്ങിയവയുമായി 23 മുതൽ 27 വരെ തുടർച്ചയായുള്ള 5 ദിവസം കണ്ണൂരിൽ നിന്ന് ചരക്കു വിമാനങ്ങൾ പറക്കും. കണ്ണൂർ ഇന്റർനാഷണൽ ഫ്രൈറ്റ്  ഫോർവേഡിങ് ആന്റ് ലോജിസ്റ്റിക്ക് കമ്പനിയാണു കണ്ണൂരിലെ സേവനങ്ങളുടെ ഏകോപനം. കൈത്തറി, ഖാദി, കരകൗശല ഉൽപന്നങ്ങൾ, പായ തുടങ്ങിയവയെല്ലാം കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നു. നിലവിൽ യാത്രാ വിമാനങ്ങളിലാണു കണ്ണൂരിൽ നിന്നുള്ള ചരക്കു നീക്കം നടക്കുന്നത്. അതുകൊണ്ടു തന്നെ പരിമിധമാണ് ചരക്കു നീക്കം. 12 ടണ്ണോളം ഉൽപന്നങ്ങൾ കയറ്റി അയക്കാൻ കഴിയാതെ തിരിച്ചയക്കേണ്ട സ്ഥിതിയുമുണ്ട്. പുതിയ സർവീസിലൂടെ ഇതിനു പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Kannur Airport starts flights for cargo movement