രണ്ട് വർഷമായി ഷെഡില്‍; ഇരുചക്ര വാഹനത്തിന് നാലായിരം രൂപ പിഴയിട്ട് ആർടിഒ

രണ്ട് വർഷമായി തകരാറിലായി  ഷെഡിലിരിക്കുന്ന  പാലക്കാട് പരുതൂർ സ്വദേശിയുടെ ഇരുചക്ര വാഹനത്തിന് നാലായിരം രൂപ പിഴയിട്ട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം. പിഴ ഈടാക്കിയതായുള്ള നോട്ടിസ് കഴിഞ്ഞ ദിവസമാണ് ഉടമ ജമാലിന് ലഭിച്ചത്. മതിയായ രേഖകളില്ലാത്തതിന് പിഴയെന്നാണ് 

നോട്ടിസിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

പോസ്റ്റ്മാൻ വീട്ടിലെത്തിച്ച കവർ തുറന്നപ്പോഴാണ് ഓട്ടമില്ലാതെ വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന  ഇരുചക്ര വാഹനത്തിന് പിഴ ഈടാക്കിയ വിവരം വാഹന ഉടമ പരുതൂർ സ്വദേശി പാക്കത്ത് ജമാൽ അറിയുന്നത്.

തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂർ ഒല്ലൂരിലെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നത്.

വാഹനത്തിന്റെ ഇൻഷുറൻസും പുകപരിശോധനയും മുടങ്ങിയതിന് നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്.

ആർടിഒ ഓഫീസിൽ ബന്ധപ്പെട്ടിരുന്നെന്നും വിഷയം പരിശോധിക്കാമെന്ന് ഓഫീസർ അറിയിച്ചതായും ജമാൽ.

അകാരണമായി കിട്ടിയ പിഴ മാറ്റിക്കിട്ടാൻ ഏതെല്ലാം ഓഫീസുകൾ കയറിയിറങ്ങണമെന്ന ആശങ്കയിലാണ് ജമാൽ. മറ്റേതെങ്കിലും വാഹനത്തിന്റെ പിഴവ് ജമാലിന്റെ വാഹന നമ്പരിലേക്ക് അച്ചടിച്ച് വന്നതാവാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. 

The RTO enforcement department imposed a fine of Rs 4000 on two-wheelers