വയനാട് കര്‍ഷകന്റെ ആത്മഹത്യ; വായ്പ തട്ടിപ്പിലെ പ്രധാനപ്രതി ഒളിവില്‍

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ചയാകുമ്പോഴും കേസിലെ പ്രധാനപ്രതി സജീവന്‍ കൊല്ലപ്പള്ളി ഒളിവില്‍. സജീവനുവേണ്ടി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 2016നു ശേഷം അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് സജീവന്റേത്.

കരാര്‍ ജോലികള്‍ എറ്റെടുത്ത് ചെയ്തിരുന്ന സജീവന്‍റെ രാശി തെളിയുന്നത്, 2016ല്‍ കെ.കെ.ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണസമിതി പുല്‍പ്പള്ളി സഹകരണ ബാങ്കിന്‍റെ ഭരണം ഏറ്റെടുത്തതോടെയാണ്. ബാങ്കില്‍ വായ്പയെടുക്കാന്‍ വരുന്ന കര്‍ഷകര്‍ ഈടായി ഹാജരാക്കുന്ന ഭൂമി വച്ച് സജീവന്‍ പ്രസിഡന്റ് കെ.കെ.ഏബ്രഹാമിന്റ സഹായത്തോടെ വന്‍തുക വായ്പയെടുക്കും. ബാങ്കിന്‍റെ നോട്ടീസ് കിട്ടിതുടങ്ങിയതോടെയാണ് പല കര്‍ഷകരും തട്ടിപ്പ് അറിയുന്നത്. 

തട്ടിപ്പിലൂടെ കിട്ടിയ പണം പ്രധാനമായും റിയല്‍ എസ്റ്റേറ്റിലും കൃഷിയിലുമാണ് സജീവന്‍ നിക്ഷേപിച്ചത്. ബെനാമി വായ്പകളില്‍ ചിലത് അദ്യഘട്ടത്തില്‍ തിരിച്ചടച്ചിരുന്നെങ്കിലും ബിസ്നസ് നഷ്ടത്തിലായതോടെ അത് മുടങ്ങി. പരാതിയുമായി സജീവനെ സമീപിച്ചവരോട് കുടിശിക താന്‍ അടച്ചുതീര്‍ക്കും എന്നായിരുന്നു ഉറപ്പ്. തട്ടിപ്പിന്‍റെ മനോവിഷമത്തില്‍ കര്‍ഷകനായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തതോടെയാണ് സജീവന്‍ ഒളിവില്‍ പോയത്. കര്‍ഷകരെ പറ്റിച്ച് സമ്പാദ്യമുണ്ടാക്കിയ സജീവനെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.