പ്രകൃതിക്കുവേണ്ടി വനമൊരുക്കാന്‍ പട്ടഞ്ചേരി പഞ്ചായത്ത്; പുറമ്പോക്ക് ഭൂമികള്‍ കണ്ടെത്തും

ക്ഷേമ രാഷ്ട്രങ്ങളുടെ മൂന്നിലൊരു ഭാഗം ഭൂപ്രദേശം വനമായിരിക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ആശയം യഥാർഥ്യമാക്കാൻ പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത്. ജനങ്ങളുടെയും പ്രകൃതിസംരക്ഷണ സംഘടനകളുടെയും സഹകരണത്തോടെ പ്രദേശം വനമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. നിരവധിപേര്‍ ഇതിനകം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 

പഞ്ചായത്ത് പരിധിയിലെ റവന്യൂ, പുറമ്പോക്ക് ഭൂമികള്‍ കണ്ടെത്തും. സ്വന്തം നിലയില്‍ കുടുംബങ്ങള്‍ നട്ട് പരിപാലിക്കുന്ന വൃക്ഷങ്ങളുടെയും കാവുകളുടെയും ദൈര്‍ഘ്യം തിരിച്ചറിയും. സ്വകാര്യ ഭൂമിയിൽ അമൃത വന പ്രോത്സാഹന പദ്ധതികൾ ആവിഷ്ക്കരിക്കും. പഴവർഗ്ഗങ്ങളും നാട്ടുമരങ്ങളും വ്യാപിപ്പിക്കും. കൂടുതൽ സ്ഥലങ്ങളിൽ ചെറുവനങ്ങളും വച്ചു പിടിപ്പിക്കും. കരിമ്പനകളും, ഈറ്റകളും, ഔഷധസസ്യങ്ങളും ഉൾപ്പടെ നട്ട് സംരക്ഷിച്ച് ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ വിശിഷ്ട വ്യക്തികളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ട് പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രതിനിധികളും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും പ്രകൃതി സ്നേഹികളും പങ്കെടുത്തു. പദ്ധതിയുടെ ഓരോഘട്ടവും പ്രത്യേകം വിലയിരുത്തി പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോവുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.