ഒരു വിദ്യാര്‍ഥി പോലുമില്ലാതെ ഈ ഒന്നാം ക്ലാസ്

ഒന്നാം ക്ലാസിലേക്ക് ഒരു വിദ്യാര്‍ഥി പോലും എത്താതെ ഒരു വിദ്യാലയം. കഴിഞ്ഞ വർഷങ്ങളിൽ ആദിവാസി വിദ്യാർഥികൾ മാത്രം പ്രവേശനം നേടിയിരുന്ന മലപ്പുറം ചോക്കാട് ഗവൺമെന്റ് എല്‍പി സ്കൂളിലാണ് ഇത്തവണത്തെ പ്രവേശനോത്സവത്തിന് നിറം മങ്ങിയത്.

സംസ്ഥാനത്തൊട്ടാകെ സ്കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി ആഘോഷിച്ചപ്പോള്‍ ചോക്കാട് സ്കൂളിന് ഇത്തവണ നിരാശ മാത്രം. ഒരു കുട്ടി പോലും ഇത്തവണ ഒന്നാം ക്ലാസിലേക്ക് എത്തിയില്ല. 1978ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ ആദ്യമായാണ് ഒന്നാം ക്ലാസിലേക്ക് വിദ്യാര്‍ഥികള്‍ എത്താതിരുന്നത്. കഴിഞ്ഞ അധ്യായന വര്‍ഷം ഒരു കുട്ടി പ്രവേശനം നേടിയിരുന്നു. ജില്ലയിലെ ഏറ്റവുംവലിയ ആദിവാസികോളനിയായ ചോക്കാട് നാല്‍പ്പത് സെന്റ് കോളനിയിൽ ഒന്നാം ക്ലാസില്‍ ചേർക്കാൻ പ്രായമായ കുട്ടികൾ ഇത്തവണ ഇല്ലാത്തതാണ് കാരണം. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കോളനിക്ക് പുറത്ത് നിന്ന് കുട്ടികൾ എത്താറുമില്ല.

നാല് അധ്യാപകരാണ് സ്കൂളിലുള്ളത്. മൂന്ന് ക്ലാസുകളിലായി പന്ത്രണ്ട് വിദ്യാർഥികളും. പണിയൻ , അറനാടൻ , മുതുവാൻ , കാട്ടുനായ്ക്ക എന്നീ വിഭാഗങ്ങളിലെ കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഈ വിഭാഗങ്ങളിൽ ജനസംഖ്യാനുപാതമായ വംശ വർധനവില്ലെന്നാണ് പഠനങ്ങളിലെ കണ്ടെത്തൽ. 

school without a single student reaching the first class